റിയാദ് - മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം സൗദി അറേബ്യ നിലനിർത്തി. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം സൗദിയുടെ മൊത്തം ആഭ്യന്തരോൽപാദനം 78,400 കോടി ഡോളർ (2,94,000 കോടി റിയാൽ) ആണ്. രണ്ടാം സ്ഥാനത്തുള്ള തുർക്കിയുടെ മൊത്തം ആഭ്യന്തരോൽപാദനം 71,300 കോടി ഡോളർ. മൂന്നാം സ്ഥാനത്തുള്ള യു.എ.ഇയുടെ മൊത്തം ആഭ്യന്തരോൽപാദനം 43,200 കോടി ഡോളറും നാലാം സ്ഥാനത്തുള്ള ഇറാന്റേത് 43,000 കോടി ഡോളറും, അഞ്ചാം സ്ഥാനത്തുള്ള ഈജിപ്തിന്റേത് 24,900 കോടി ഡോളറുമാണ്. ഇറാഖ് (23,000 കോടി ഡോളർ), ഖത്തർ (18,800 കോടി), കുവൈത്ത് (14,400 കോടി), ഒമാൻ (8,100 കോടി), ലെബനോൻ (5,600 കോടി), ലിബിയ (4,300 കോടി), ജോർദാൻ (4,100 കോടി), ബഹ്‌റൈൻ (3,900 കോടി), യെമൻ (2,800 കോടി) എന്നീ രാജ്യങ്ങളാണ് ആറ് മുതൽ 14 വരെ സ്ഥാനങ്ങളിൽ.
സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഈ വർഷം 6.4 ശതമാനം വളർച്ചയാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഈ വർഷം മൊത്തം ആഭ്യന്തരോൽപാദനം 3,13,000 കോടി റിയാലായി ഉയരുമെന്ന് കണക്കാക്കുന്നു. കഴിഞ്ഞ കൊല്ലം മൂന്നാം അർധപാദത്തിൽ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനം 14.71 ശതമാനം വർധിച്ചിരുന്നു. 2017 മൂന്നാം അർധ പാദത്തിൽ ഇത് 6.05 ശതമാനമായിരുന്നു. കഴിഞ്ഞ കൊല്ലം മൂന്നാം അർധ പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനം 73,610 കോടി റിയാലായിരുന്നെങ്കിൽ 2017ലെ മൂന്നാം അർധ പാദത്തിൽ ഇത് 64,170 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം മൂന്നാം അർധ പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ 9,440 കോടി റിയാലിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
2010 അടിസ്ഥാന വർഷമായ സ്ഥിര നിരക്ക് പ്രകാരം കഴിഞ്ഞ വർഷം മൂന്നാം അർധ പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ രണ്ടര ശതമാനം വളർച്ചയാണുണ്ടായത്. സ്ഥിര നിരക്ക് പ്രകാരം മൂന്നാം അർധ പാദത്തിലെ മൊത്തം ആഭ്യന്തരോൽപാദനം 65,370 കോടി റിയാലായിരുന്നു. 2017 മൂന്നാം അർധ പാദത്തിൽ ഇത് 63,800 കോടി റിയാലായിരുന്നു. മൂന്നു വർഷത്തിനിടെ ആദ്യമായാണ് സൗദി സമ്പദ്‌വ്യവസ്ഥ ഇത്രയും ശക്തമായ വളർച്ച കൈവരിക്കുന്നത്. ഇതിനു മുമ്പ് 2016 ആദ്യ അർധ പാദത്തിൽ സൗദി അറേബ്യ 2.52 ശതമാനം സാമ്പത്തിക വളർച്ച നേടിയിരുന്നു.