ഗുവാഹത്തി: അസമില്‍ കഴിഞ്ഞ ജൂലൈയില്‍ പ്രസിദ്ധീകരിച്ച നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസന്‍സ് (എന്‍ ആര്‍ സി) അന്തിമ പട്ടികയുടെ പേരില്‍ ഒരൊറ്റ ഇന്ത്യക്കാരനും പുറത്തു പോവേണ്ടി വരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
'എന്‍ ആര്‍ സി സംബന്ധമായ നടപടികളിലൂടെ നിങ്ങളില്‍ പലര്‍ക്കും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു എന്നെനിക്കറിയാം. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നടപടികളൊക്കെ നിശ്ചലമായിരുന്നു. ഇപ്പോള്‍, നിങ്ങളുടെ കഴിവ് കൊണ്ട് അവ മുന്നോട്ട് പോവുന്നു,' മോഡി പറഞ്ഞു.
എല്ലാ വെല്ലുവിളികളെയും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന് തരണം ചെയ്യാന്‍ കഴിഞ്ഞുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സോനോവാളിനെ അഭിനന്ദിക്കുകയും ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്ലിംകള്‍ക്ക് പുറമേ അസമിലെ ബിജെപി ശക്തികേന്ദ്രമായ സില്‍ച്ചാറില്‍ എന്‍ ആര്‍ സി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ബംഗാളി ഹിന്ദുക്കള്‍ പുറത്തു പോയിരുന്നു.
നേരത്തെ, അന്തിമ കരടു പട്ടികയില്‍ നിന്നു പുറത്തായ 40 ലക്ഷത്തോളം പേര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത് സുപ്രിം കോടതി വിലക്കിയിരുന്നു. രണ്ടാം കരടു പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പരാതികളും എതിര്‍വാദങ്ങളും കേള്‍ക്കുന്നതിന് നടപടിക്രമം രൂപപ്പെടുത്താനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 3.29 കോടി അപേക്ഷകരില്‍ 2.9 കോടി പേര്‍ മാത്രമാണ് അന്തിക കരട് പൗരത്വ രജിസറ്ററില്‍ ഉള്‍പ്പെട്ടത്. പുറത്തായവരില്‍ വലിയൊരു ശതമാനം മുസ്ലിംകളാണ്.
ഇതൊരു കരട് രേഖ മാത്രമാണെന്നും ബലപ്രയോഗത്തിലൂടെ ഒരു നടപടിയും പുറത്തായവര്‍ക്കെതിരെ സ്വീകരിക്കരുതെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഇവരുടെ പരാതി പരിഗണിക്കുന്നതിന് ഓഗസ്റ്റ് 16-നു മുമ്പായി നടപടിക്രമം രൂപപ്പെടുത്തണം. ഇവര്‍ക്ക് മതിയായ സമയം അനുവദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അസമിലെ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളെ കണ്ടെത്താനാണ് പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നത്.
ഗോവയിലെ ജനസംഖ്യയുടെ രണ്ടിരട്ടിയോളം പേരുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന ഈ പട്ടികയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മതിയായ താമസ രേഖകളുള്ള ലക്ഷക്കണക്കിന് ആളുകള്‍ പട്ടികയില്‍ പുറത്തായതായും വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരേ കുടുംബത്തിലെ തന്നെ പലരെയും വെട്ടിയും ഉള്‍പ്പെടുത്തിയും പേരുകളില്‍ പിഴവ് വരുത്തിയും അപൂര്‍ണമായി പട്ടികയാണ് ഇതെന്ന് ആക്ഷേപം ശക്തമാണ്.