ന്യൂഡല്‍ഹി: ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിടണമെന്ന് ഉത്തര്‍പ്രദേശ് ബിജെപി എം എല്‍ എ. 'ആര്‍ക്കാണ് ഇന്ത്യ സുരക്ഷിതമല്ലെന്ന് തോന്നുന്നത്. അവര്‍ ദേശ വഞ്ചകരാണ്. അവരെ ബോംബിട്ട് തകര്‍ക്കണം,' ഉത്തര്‍പ്രദേശിലെ കതൗലിയില്‍ നിന്നുളള നിയസഭാംഗം വിക്രം സൈനി പറഞ്ഞു.
രാജ്യത്തിന്റെ മൂല്യങ്ങളെ മാനിക്കാത്തവര്‍ക്ക് എപ്പോഴും ഇന്ത്യ വിടാമെന്നും ഏതെങ്കിലും വിദേശ രാജ്യത്ത് ജീവിക്കാമെന്നും സൈനി പറഞ്ഞു.
വിദ്വേഷ പ്രസ്താവനക്കിടെ തനിക്ക് ഒരു മന്ത്രിസഭ ലഭിച്ചാല്‍ ഇത്തരക്കാരെ ബോംബിട്ട് തകര്‍ക്കുമെന്നും ആരെയും വെറുതെ വിടില്ലെന്നും സൈനി പറഞ്ഞു.
ദേശസ്‌നേഹമില്ലാത്തവര്‍ രാജ്യത്ത് നില്‍ക്കേണ്ടെന്നും സുരക്ഷിതമെന്ന് തങ്ങള്‍ക്ക് തോന്നുന്ന സ്ഥലത്തേക്ക് പോവാമെന്നും ബിജെപി എം എല്‍ എ പറഞ്ഞു.
നേരത്തെ, രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടെന്ന് ഹോളിവുഡ് നടന്‍മാരടക്കം പരാതിപ്പെട്ടിരുന്നു. സമീപകാലത്ത് പ്രമുഖ ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷായും സമാനമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹറില്‍ തീവ്രഹൈന്ദവ സംഘടനകളുടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസുകാരന്‍ മരിച്ചതിനെതിരെ നസറുദ്ദീന്‍ ഷാ രംഗത്തെത്തിയിരുന്നു. പശുവിന്റെ മരണത്തിനാണ് ഒരു പൊലീസുകാരന്റെ മരണത്തേക്കാള്‍ പ്രാധാന്യം നല്കുന്നത് എന്ന് ഷാ പറഞ്ഞിരുന്നു