Sorry, you need to enable JavaScript to visit this website.

ഹർത്താൽ: വ്യാപാരികളുടെ പ്രതിജ്ഞ വിഫലമായി

ബി.ജെ.പി അക്രമത്തെ തുടർന്ന് തുറന്ന കട അടയ്ക്കുന്നു

കോഴിക്കോട് - ഹർത്താൽ വിരുദ്ധ വർഷമായി 2019 നെ പ്രഖ്യാപിച്ച വ്യാപാരികൾക്ക് കൈപൊള്ളി. ജനുവരി എട്ട്, ഒമ്പത് തീയതികളിലെ പൊതുപണിമുടക്കിൽ എന്ത് നിലപാടെടുക്കണമെന്ന് പ്രഖ്യാപിക്കാനിരിക്കേയാണ് ശബരിമലയുമായി ബന്ധപ്പെട്ട് വീണ്ടും ഹർത്താൽ വന്നതും കടയടക്കാൻ നിർബന്ധിതരായതും.
ഹർത്താൽ ആര് പ്രഖ്യാപിച്ചാലും കടകൾ തുറക്കുമെന്നും വാഹനങ്ങൾ ഓടിക്കുമെന്നും വ്യാപാരി വ്യവസായി സംഘടനകളും ചേംബർ ഓഫ് കൊമേഴ്‌സുകളും ലോറി, ബസ് ഉടമ സംഘടനകളും ചേർന്ന് തീരുമാനിച്ചിരുന്നു. സി പി എം നിയന്ത്രിത വ്യാപാരി വ്യവസായി സമിതിയും ഇതിനായി ചേർന്ന യോഗത്തിൽ പങ്കെടുത്തു. അന്ന് തന്നെ 8, 9 തീയതികളിലെ പണിമുടക്കിനെ കുറിച്ച് ചോദ്യം ഉയർന്നിരുന്നു. ദേശീയ തലത്തിൽ തൊഴിലാളി യൂണിയനുകൾ നടത്തുന്ന പണിമുടക്കാണിത്. എല്ലാ വർഷവും നടത്തി വരുന്ന ഈ പണിമുടക്ക് മറ്റു സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കില്ലെങ്കിലും കേരളത്തിൽ ബന്ദായി മാറുക പതിവാണ്. തുടർച്ചയായി രണ്ട് ദിവസം പണിമുടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
പണിമുടക്കുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചതാണ്. ഹർത്താലിൽ കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന് എല്ലാ കക്ഷികളോടും ആവശ്യപ്പെടുകയും ഹർത്താലിലെ നാശനഷ്ടങ്ങൾ ആഹ്വാനം ചെയ്യുന്നവരിൽ നിന്ന് ഈടാക്കാൻ നിയമ നടപടി സ്വീകരിക്കുമെന്നും യോഗ ശേഷം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസ്‌റുദ്ദീൻ അറിയിച്ചിരുന്നു. 
ഇന്നലത്തെ ഹർത്താലിൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം കടകളും തുറന്നില്ല. തുറന്നവയാകട്ടെ ഹർത്താലുകാർ അടപ്പിച്ചു. കോഴിക്കോട് മിഠായിത്തെരുവിലെ ടി. നസീറുദ്ദീന്റെ കട തുറന്നിരുന്നില്ല. പിന്നീട് തുറന്നെങ്കിലും അടക്കേണ്ടി വന്നു. സുരക്ഷ നൽകാൻ പോലീസിന് കഴിയാത്തതിനാൽ തുറക്കാനാകില്ലെന്നാണ് വിശദീകരണം.
 

Latest News