കൽപറ്റ-കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതു തടയാൻ ഊഞ്ഞാൽ സോളാർ വൈദ്യുത വേലിയുമായി കർണാടക വനം-വന്യജീവി വകുപ്പ്. സർഗൂർ ഫോറസ്റ്റ് റേഞ്ചിൽ കാട്ടാന ശല്യം രൂക്ഷമായ ജനവാസ കേന്ദ്രങ്ങളുടെ അതിരിലാണ് ഊഞ്ഞാൽ (ഹാംഗിംഗ്) വേലി നിർമിക്കുന്നത്. നുഗു അണയ്ക്കു സമീപം വനാതിർത്തിയിൽ ആറു കിലോമീറ്റർ വേലി നിർമാണം പൂർത്തിയായി. 14 കിലോമീറ്ററിൽ പ്രവൃത്തി പുരോഗതിയിലാണ്.
നുഗു അണയ്ക്കടുത്തുള്ള ജനവാസ കേന്ദ്രങ്ങളുടെ അതിരിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച വേലി ഫലപ്രദമെന്നു കണ്ട സാഹചര്യത്തിലാണ് കൂടുതൽ സ്ഥലങ്ങളിൽ നിർമിക്കാൻ തീരുമാനിച്ചതെന്നു സർഗൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ മൊഹ്‌സിൻ ബാഷ പറഞ്ഞു. റേഞ്ചിൽ 10 കിലോമീറ്ററിൽ വേലി കൂടി നിർമിക്കുന്നതിനു വകുപ്പു മേധാവികളുടെ അനുമതി തേടിയിട്ടുണ്ട്.
ജനവാസ കേന്ദ്രങ്ങളുടെ അതിരിൽ 15 അടി ഇടവിട്ട് സ്ഥാപിക്കുന്ന 20 അടി വരെ ഉയരമുള്ള തൂണുകളിലാണ് ഞാന്നു കിടക്കുന്ന വിധത്തിൽ സോളാർ വൈദ്യുത വേലി നിർമിക്കുന്നത്. വേലിയുടെ അടിവശത്തിനു മണ്ണുമായി സമ്പർക്കം ഉണ്ടാകില്ല. വേലിയിൽ തൊടുന്ന ആനകൾ അടക്കം വന്യജീവികൾക്കു ചെറിയ രീതിയിൽ വൈദ്യുതാഘാതമേൽക്കും. ഇത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങാനുള്ള ശ്രമത്തിൽനിന്നു അവയെ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നതെന്നു വനപാലകർ പറഞ്ഞു.