റിയാദ് - കുറ്റകൃത്യം നടത്തിയെന്ന് സംശയിച്ച് പ്രതികൾക്ക് ശിക്ഷ വിധിക്കരുതെന്ന് ആവശ്യപ്പെട്ട് നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റുമായ ശൈഖ് ഡോ. വലീദ് അൽസ്വംആനി രാജ്യത്തെ കോടതികൾക്ക് സർക്കുലർ അയച്ചു. തെളിവുകൾ അടക്കം കുറ്റം തെളിയിക്കുന്നതിനുള്ള മുഴുവൻ മാർഗങ്ങളും കണക്കിലെടുക്കണം. നിയമത്തിൽ ശിക്ഷ പ്രത്യേകം നിർണയിക്കുന്ന കുറ്റകൃത്യമാണെങ്കിലും അല്ലെങ്കിലും കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെട്ടാൽ മാത്രമേ ശിക്ഷ വിധിക്കാൻ പാടുള്ളൂ. അല്ലാത്ത പക്ഷം പ്രതികളെ കുറ്റവിമുക്തരാക്കണം. സൗദിയിലെ ക്രിമിനൽ നീതിന്യായ സംവിധാനത്തിലെ ചരിത്രപരമായ മാറ്റമാണ് പുതിയ തീരുമാനം. ദുർബലമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ജഡ്ജിമാർ സ്വന്തമായ നിഗമനങ്ങളിലെത്തുന്നതിന് ഈ തീരുമാനം തടയിടുന്നു.
അതേസമയം, വ്യാജ പരാതികളുമായി കോടതികളെ സമീപിക്കുന്ന പ്രവണതക്ക് തടയിടുന്നതിനായി കേസ് ചെലവ് കെട്ടിവെക്കുന്നതിന് കക്ഷികളെ നിർബന്ധിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് നീതിന്യായ മന്ത്രാലയത്തിന് നീക്കമുള്ളതായി വകുപ്പ് മന്ത്രി ശൈഖ് ഡോ. വലീദ് അൽസ്വംആനി വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട കരടു പദ്ധതി പഠന ഘട്ടത്തിലാണ്. പരമാവധി പത്തു ലക്ഷം റിയാൽ വരെ കോടതി ചെലവായി കെട്ടിവെക്കുന്നതിന് കക്ഷികളെ നിർബന്ധിക്കുന്നതിനാണ് നീക്കം.
കോടതികളുടെ സമയവും അധ്വാനവും ലാഭിക്കുന്നതിനും വ്യാജ കേസുകൾക്ക് തടയിടുന്നതിനും കക്ഷികൾക്കിടയിൽ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ ഉന്നമിടുന്നു. വ്യാജ കേസുകളിലൂടെ എതിർ കക്ഷികളെ അന്യായമായി നിയമ നടപടികളിൽ കുടുക്കുന്നതിന് ആഗ്രഹിക്കുന്നവരെയാണ് കോടതി ചെലവുകൾ കെട്ടിവെക്കുന്നതിന് നിർബന്ധിക്കുക. അഞ്ചിനം കേസുകളെ നിർദിഷ്ട ഫീസിൽ നിന്ന് ഒഴിവാക്കുമെന്നും കരടു പദ്ധതി പറയുന്നു.