പട്‌ന- ബിഹാറിലെ അരാറിയയില്‍ പശു മോഷണ സംശയം ആരോപിച്ച് 55-കാരനായ മുസ്ലിം മധ്യവയസ്‌ക്കനെ മുന്നൂറോളം വരുന്ന ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ട കാബൂള്‍ മിയാന്‍ എന്ന മധ്യവയസ്‌ക്കനെ മോഷ്ടാവ് എന്നുവിളിച്ച് ജനക്കൂട്ടം വടികള്‍ കൊണ്ട് അടിക്കുകയും തൊഴിക്കുകയും മുഖത്ത് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദാരുണ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പ്രചരിച്ചതോടെയാണ് ഡിസംബര്‍ 29-ന് നടന്ന സംഭവം പുറം ലോകമറിയുന്നത്. അക്രമികള്‍ തന്നെയാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. പൊതിരെ തല്ലി അവശനാക്കിയ ശേഷം കാബൂള്‍ മിയാന്റെ പാന്റ്‌സ് വലിച്ചൂരുന്ന ദൃശ്യവും പുറത്തു വന്നിട്ടുണ്ട്. മര്‍ദിക്കരുതെന്ന് കേണപേക്ഷിക്കുന്നുണ്ടെങ്കിലും ഇത് വകവയ്ക്കാതെ മിയാന്‍ ബോധരഹിതനായി വീഴുന്നത് വരെ ഇടവേളകളില്ലാതെ ജനക്കൂട്ടം മര്‍ദിച്ചു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ ചിലര്‍ നിര്‍ദേശിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. അരാറിയ ജില്ലയിലെ സിമര്‍ബനി ഗ്രാമത്തിലാണ് ഈ ദാരുണ കൊലപാതകം നടന്നത്. നാലു ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിഡിയോകളില്‍ പ്രതികളുടെ മുഖം വ്യക്തമാണെങ്കിലും ഇതുവരെ ആരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.
മറ്റുള്ളവരുടെ പശുവിനെ മോഷ്ടിക്കേണ്ട ആവശ്യം തനിക്കില്ലെന്നും താനത് ചെയ്തിട്ടില്ലെന്നും മുന്‍ ഗ്രാമമുഖ്യന്‍ കൂടി ആയിരുന്ന കാബൂള്‍ മിയാന്‍ അക്രമിക്കാനെത്തിയ ആള്‍ക്കൂട്ടത്തോട് മുറിഞ്ഞ ശബ്ദത്തില്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. ഈ ദൃശ്യങ്ങള്‍ പ്രദേശത്ത് പ്രചരിച്ചതോടെ രണ്ടു ദിവസത്തിനു ശേഷമാണ് പോലീസ് വിവരമറിയുന്നത്. മുസ്ലിം മിയാന്‍ എന്നയാളാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഇയാള്‍ കാബൂള്‍ മിയാനെതിരെ പശുമോഷണ കേസ് നല്‍കിയിരുന്നു.
പ്രതികള്‍ കാബുള്‍ മിയാനെ അറിയുന്നവരാണെന്നും ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും അരാറിയ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ കെ.പി സിങ് പറഞ്ഞു. സംഭവത്തില്‍ തിരിച്ചറിയാത്ത നിരവധി പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.