Sorry, you need to enable JavaScript to visit this website.

മോഡിയുടെ ഒടിവിദ്യകൾ

താൻ എന്തൊക്കെ പറഞ്ഞ് അധികാരത്തിലെത്തിയോ അതിലൊന്നും എന്തെങ്കിലും നേട്ടം കൈവരിച്ചതായി അവകാശപ്പെടാൻ ഈ അഭിമുഖത്തിലും മോഡിക്ക് കഴിയുന്നില്ല. വീഴ്ചകളെ പോലും നേട്ടങ്ങളാണെന്ന മട്ടിൽ അവതരിപ്പിക്കാൻ സ്വന്തം വാക്ചാതുരിയിലുള്ള ഒരു ശ്രമം മാത്രം. ഈ വാക്ചാതുരിയിൽ ഏതാനും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ജനം വീഴുമോ, കാത്തിരുന്ന് കാണാം.

നാലര വർഷത്തെ ഭരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യമായി ഒരു അഭിമുഖത്തിന് ഇരുന്നുകൊടുത്തിരിക്കുന്നു. വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ എഡിറ്റർ സ്മിത പ്രകാശ് നടത്തിയ ഒന്നര മണിക്കൂർ നീണ്ട അഭിമുഖം കഴിഞ്ഞപ്പോൾ ആദ്യം തോന്നിയത് ഇതാണ്. മോഡിയുടെ തന്നെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻകീ ബാത്തിന്റെ വേറൊരു രൂപം.
അധികാരത്തിലെത്തുന്നതിനു മുമ്പ് താൻ നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചോ, അവ നടപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചോ മിണ്ടാട്ടമില്ല. അതിർത്തിയിലെ മിന്നലാക്രമണത്തിന് താൻ നേരിട്ട് മേൽനോട്ടം വഹിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു, മുസ്‌ലിം സ്ത്രീകളുടെ വിമോചനത്തിനായി മുത്തലാഖ് ബിൽ കൊണ്ടുവന്നു തുടങ്ങിയ സ്ഥിരം അവകാശവാദങ്ങൾ മാത്രം. എത്ര കള്ളപ്പണം വിദേശത്തുനിന്ന് തിരികെ കൊണ്ടുവന്നു, എത്ര പുതിയ തൊഴിലുകൾ സൃഷ്ടിച്ചു, കർഷകർക്കെന്ന് പറഞ്ഞ് നടത്തിയ പ്രഖ്യാപനങ്ങൾ എന്തു ഫലമുണ്ടാക്കി തുടങ്ങിയ കാര്യങ്ങളൊന്നും പരാമർശിക്കപ്പെട്ടില്ല.
അതിനിടെ അദ്ദേഹം പറഞ്ഞ ഒരു കാര്യം പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നതാണ്. ഈ സർക്കാർ ജനങ്ങൾക്കു മേൽ നടത്തിയ മിന്നലാക്രമണമായ നോട്ട് നിരോധനത്തെക്കുറിച്ച്. നോട്ട് നിരോധനം പെട്ടെന്നുള്ള പ്രഖ്യാപനമല്ലായിരുന്നുവെന്നും നേരത്തെ തന്നെ അതിന്റെ സൂചന നൽകിയിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്. അതായത് കള്ളപ്പണം കൈവശമുള്ളവർ അത് സർക്കാർ മുമ്പാകെ വെളിപ്പെടുത്തി നികുതി അടച്ച് കാര്യങ്ങൾ ശരിയാക്കിക്കൊള്ളാൻ മുന്നറിയിപ്പ് നൽകിയിരുന്നത്രേ. അതനുസരിച്ച് വെളിപ്പെടുത്തിയവർക്ക് പ്രശ്‌നമുണ്ടായില്ല, അല്ലാത്തവരാണ് പ്രയാസപ്പെട്ടതെന്നാണ് മോഡി പറയുന്നത്.
കാലാകാലങ്ങളായി ആദായ നികുതി വകുപ്പ് നൽകുന്നതാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ്. എന്നാൽ മുൻ സർക്കാറുകളിൽനിന്ന് വ്യത്യസ്തമായി തന്റെ സർക്കാർ കർശന നടപടിയെടുക്കുമെന്ന് ആരും കരുതിയില്ലെന്നും അദ്ദേഹം വീരവാദം മുഴക്കുന്നു.
2016 നംബവർ എട്ടിന് രാത്രി പ്രചാരത്തിലിരുന്ന അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ വിലയില്ലാതായെന്ന് പൊടുന്നനെ മോഡി പ്രഖ്യാപിച്ചപ്പോൾ ശരിക്കും ഞെട്ടിയത് കള്ളപ്പണക്കാരാണോ എന്ന് അന്നു തന്നെ സംശയമുണ്ടായിരുന്നു. മാസങ്ങൾക്കു ശേഷം നിരോധിക്കപ്പെട്ട നോട്ടുകളിൽ 99 ശതമാനത്തിലേറെയും തിരികെയെത്തിയെന്ന് റിസർവ് ബാങ്ക് തന്നെ വെളിപ്പെടുത്തിയപ്പോൾ അത് ശരിയാണെന്ന് തെളിയുകയും ചെയ്തു. 


വാസ്തവത്തിൽ നോട്ട് നിരോധനം കൊണ്ട് വലഞ്ഞത് ചെറുകിട വ്യപാരികളും, സ്വയം തൊഴിൽ സംരംഭകരും കർഷകരുമടങ്ങുന്ന സാധാരണക്കാരാണ്. അവരാണ് കയ്യിലുള്ള കറൻസികൾ മാറിക്കിട്ടാൻ ബാങ്കുകൾക്കു മുന്നിൽ ദിവസങ്ങളോളം ജോലിക്കു പോലും പോകാതെ ക്യൂ നിന്നത്. അവിടെയും അവസാനിച്ചില്ല അവരുടെ ദുരിതം. പൂർണമായും കറൻസികളിലൂടെ ഇടപാടുകൾ നടത്തിവന്നിരുന്ന കോടിക്കണക്കായ ആ വിഭാഗത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തന്നെ പൊടുന്നനെ സ്തംഭിച്ച അവസ്ഥയായി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ചെറുകിട സംരംഭകരാണ്. കൂടുതൽ പേർ തൊഴിലെടുക്കുന്നതും ഈ മേഖലയിൽ തന്നെ. ഇതിനാണ് നോട്ട് നിരോധനത്തിലൂടെ മോഡി ബ്രെയ്ക്കിട്ടത്. അതാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച രണ്ട് ശതമാനത്തോളം താഴേക്ക് വരാൻ കരാണമായതും. പക്ഷേ ഈ വലിയ യാഥാർഥ്യത്തെ അഭിമുഖീകരിക്കാതെ താൻ കള്ളപ്പണക്കാരെ ശരിപ്പെടുത്തി എന്ന് വീമ്പു പറയുകയാണ് ഇപ്പോഴും നമ്മുടെ പ്രധാനമന്ത്രി.
മോഡി പറഞ്ഞതിനപ്പുറത്തേക്ക് നോട്ട് നിരോധനം എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് നേരത്തെതന്നെ കേന്ദ്ര സർക്കാരിന് വേണ്ടപ്പെട്ടവർക്ക് സൂചന ലഭിച്ചിരുന്നുവെന്ന് പ്രതിപക്ഷ കക്ഷികളും ചില മാധ്യമങ്ങളും ആരോപിച്ചിരുന്നു. അതായത് ആയിരം, അഞ്ഞൂറ് നോട്ടുകൾ പാടെ നിരോധിക്കാൻ പോവുകയാണെന്നും എത്രയും വേഗം അവ മാറിക്കൊള്ളാനും സർക്കാർ വേണ്ടപ്പെട്ടവരെ അറിയിച്ചിരുന്നുവത്രേ. അതുകൊണ്ടാണ് വൻതോതിൽ കള്ളപ്പണ ശേഖരം പിടികൂടാൻ കഴിയാതെ പോയത്. ബി.ജെ.പി നേതാക്കൾ പ്രചരിപ്പിച്ചത് നാല് ലക്ഷം കോടിയുടെ ആയിരം, അഞ്ഞൂറ് രൂപ കറൻസികൾ കള്ളപ്പണമാണെന്നും അവ തിരികെ വരാൻ പോകുന്നില്ലെന്നുമായിരുന്നു. പക്ഷേ, സംഭവിച്ചതോ, മുഴുവൻ തിരികെ വന്നു. രാജ്യത്തെ വമ്പൻ കള്ളപ്പണക്കാരെല്ലാം ബി.ജെ.പിയുമായി അടുപ്പമുള്ളവാണെന്നാണ് ഇതോടെ വ്യക്തമായത്. അവർക്ക് കള്ളപ്പണം കാലേക്കൂട്ടി വെളുപ്പിക്കാൻ കഴിഞ്ഞു. ഒന്നുമറിയാത്ത പാവങ്ങൾ തങ്ങളുടെ മുഷിഞ്ഞ നോട്ടുകൾ മാറാൻ വെയിലു കൊണ്ടതു മിച്ചം. 
രാജ്യത്തെ പിന്നോട്ടടിച്ച മണ്ടൻ തീരുമാനമായിരുന്നു നോട്ട് നിരോധനമെന്ന് ഇപ്പോഴും സമ്മതിച്ചു തരാൻ മോഡി തയാറല്ല. അതുകൊണ്ടാണ് കള്ളപ്പണം പിടിക്കാനെന്ന് പഴയ പല്ലവി ആവർത്തിക്കുന്നത്. പക്ഷേ, തന്റെ കാലിനടിയിലെ മണ്ണിളക്കുന്ന പരിപാടിയായിപ്പോയി അതെന്ന് അദ്ദേഹത്തിനറിയാം. നോട്ട് നിരോധനത്തിന്റെ തിക്ത ഫലമനുഭവിച്ച ഇടത്തരക്കാരും ചെറുകിട സംരംഭകരുമാണ് ബി.ജെ.പിയുടെ വോട്ട് ബാങ്കിൽ നല്ലൊരു പങ്കും. വരുന്ന തെരഞ്ഞെടുപ്പിൽ അവർ മോഡിക്കെതിരെ തിരിയുമെന്ന് ബി.ജെ.പി ശരിക്കും ഭയക്കുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമെല്ലാം അതിന്റെ സൂചന കണ്ടതാണല്ലോ. ഈ വിഭാഗത്തിന് വായ്പ കൊടുക്കാനായി റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽനിന്നു പോലും പണമെടുക്കാൻ സർക്കാർ തയാറായത് ഈ തിരിച്ചറിവിനെ തുടർന്നാണ്. 
ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതയും അംഗീകരിക്കാൻ പ്രധാനമന്ത്രി തയാറായില്ല. സാധാരണക്കാരന് അധിക ഭാരം വരുത്താതെ നികുതി ഘടന പരിഷ്‌കരിച്ച് സർക്കാറിന്റെ വരുമാനം കൂട്ടാമെന്നായിരുന്നു ജി.എസ്.ടി നടപ്പാക്കും മുമ്പ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ സംഭവിച്ചത് മറിച്ചാണ്. സാധനങ്ങളുടെ വില കൂടി, അതിനനുസരിച്ച് സർക്കാറിന്റെ വരുമാനം ഉയർന്നുമില്ല. എവിടെയാണ് പിഴച്ചതെന്ന് സർക്കാറിന് ഇപ്പോഴും നിശ്ചയമില്ല. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിരിച്ചടിയോടെ ചില ഉൽപന്നങ്ങളുടെ ജി.എസ്.ടി നിരക്കിൽ കുറവ് വരുത്തിയിരിക്കുകയാണിപ്പോൾ. ക്രൂഡോയിൽ വില വളരെ താഴേക്ക് വന്നപ്പോൾ പോലും നികുതി വർധിപ്പിച്ച് പെട്രോൾ, ഡീസൽ വില ഉയർത്തിക്കൊണ്ടേയിരുന്നവരാണ് ഇവരെന്നോർക്കണം. പിന്നീട് ക്രൂഡ് വില കൂടിയതോടെ പെട്രോൾ വില സർവകാല റെക്കോഡിലെത്തി. വീണ്ടും ക്രൂഡ് വില കുറഞ്ഞതോടെ ഇപ്പോൾ അൽപം ആശ്വാസമുണ്ടായിട്ടുണ്ടെന്ന് മാത്രം.
മൂന്ന് സംസ്ഥാനങ്ങളിലെ തിരിച്ചടിയാണ് ഇപ്പോഴത്തെ വീണ്ടുവിചാരത്തിന് കാരണമെന്ന് വ്യക്തം. ഈ അഭിമുഖം പോലും അതിന്റെ ഭാഗമാണ്. അപ്പോഴും തന്റെ സർക്കാറിന്റെ ശരിയായ പോസ്റ്റ്‌മോർട്ടത്തിന് അദ്ദേഹം തയാറല്ല. റഫാൽ ഇടപാടിൽ തനിക്കെതിരെ ആരോപണമല്ലാതെ തെളിവില്ലെന്ന് മോഡി പറയുന്നു. പക്ഷേ യു.പി.എ സർക്കാർ റദ്ദാക്കുകകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത അഗസ്റ്റ് വെസ്റ്റ്‌ലാന്റ് വിഷയത്തിൽ വിവിധ കേന്ദ്ര സർക്കാർ ഏജൻസികൾ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും തെളിവു കിട്ടാതിരുന്നിട്ടു പോലും, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ കുറ്റക്കാരിയാക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ല.
റഫാലിൽ അന്വേഷണത്തിന് മോഡി തയാറല്ല. ഈ ആവശ്യം സുപ്രീം കോടതി തള്ളിയെന്നാണ് വാദം. പക്ഷേ, കേന്ദ്ര സർക്കാർ നൽകിയ തെറ്റായ വിശദീകരണങ്ങളാണ് അത്തരമൊരു വിധിക്കിയടയാക്കിയതെന്ന വസ്തുത കണ്ടില്ലെന്ന് നടിക്കുന്നു. അതുകൊണ്ടാണല്ലോ, വിധിയിലെ ചില പരാമർശങ്ങളിൽ പിഴവുണ്ടെന്നും അത് തിരുത്തണമെന്നുമാവശ്യപ്പെട്ട് സർക്കാർ തന്നെ വീണ്ടും കോടതിയെ സമീപിച്ചത്.
ചുരുക്കത്തിൽ താൻ എന്തൊക്കെ പറഞ്ഞ് അധികാരത്തിലെത്തിയോ അതിലൊന്നും എന്തെങ്കിലും നേട്ടം കൈവരിച്ചതായി അവകാശപ്പെടാൻ ഈ അഭിമുഖത്തിലും മോഡിക്ക് കഴിയുന്നില്ല. വീഴ്ചകളെ പോലും നേട്ടങ്ങളാണെന്ന മട്ടിൽ അവതരിപ്പിക്കാൻ സ്വന്തം വാക്ചാതുരിയിലുള്ള ഒരു ശ്രമം മാത്രം. ഈ വാക്ചാതുരിയിൽ ഏതാനും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ജനം വീഴുമോ, കാത്തിരുന്ന് കാണാം.

Latest News