Sorry, you need to enable JavaScript to visit this website.

നോട്ട് റദ്ദാക്കൽ: പ്രവാസ  ലോകത്തും കടുത്ത ആശങ്ക 

ഗൾഫിൽ എസ്.ബി.ഐ ശാഖ വഴി കറൻസി
മാറ്റിക്കൊടുക്കുമെന്ന് വ്യാജ പ്രചാരണം 

ജിദ്ദ-കേന്ദ്ര സർക്കാർ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ റദ്ദാക്കിയത് പ്രവാസ ലോകത്തും കടുത്ത ആശങ്ക സൃഷ്ടിച്ചു. സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ നാണയ വിനിമയ സ്ഥാപനങ്ങളിൽ നിന്നും ഇന്ത്യയുടെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിൽ നിന്നും കറൻസി നോട്ടുകൾ മാറ്റിയെടുക്കാനാവുമെന്നാണ്  പലരും കരുതിയിരുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വ്യാപകമായ തോതിൽ വ്യാജ പ്രചാരണം നടക്കുകയും ചെയ്തു. ജിദ്ദ സിത്തീൻ സ്ട്രീറ്റിൽ പലസ്തീൻ പാലത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐ ശാഖ ഇന്ത്യൻ കറൻസി മാറ്റിക്കൊടുക്കാൻ വേണ്ടി മാത്രം വെള്ളിയാഴ്ച രാവിലെ മുതൽ പ്രവർത്തിക്കുമെന്നായിരുന്നു പ്രചാരണം. അറിയിപ്പ് ആധികാരികമാണെന്ന് വരുത്തി തീർക്കാൻ ബാങ്കിന്റെ ലോഗോയും മറ്റും ഉൾപ്പെടുത്തിയാണ് വാട്ട്‌സപ്പിലും മറ്റും പ്രചാരണം അരങ്ങേറിയത്. ഇന്ത്യൻ രൂപ ഇന്ത്യയിൽ വെച്ച് മാത്രമേ മാറ്റിയെടുക്കാനാവൂ എന്ന് അർഥശങ്കയ്ക്കിടമില്ലാത്ത വിധം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ വെച്ച് കറൻസി മാറ്റാനുള്ള അപേക്ഷാ ഫോറം നയതന്ത്ര കാര്യാലയങ്ങൾ പ്രസിദ്ധപ്പെടുത്തുകയും  ചെയ്തിരുന്നു. ഇതിനിടയ്ക്കാണ് ജിദ്ദ എസ്.ബി.ഐ ശാഖയ്ക്ക് ഒരു പണിയിരിക്കട്ടെയെന്ന് കരുതി ചില വിരുതന്മാർ നോട്ട് മാറ്റുന്ന കാര്യം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതിലൊട്ടും കഴമ്പില്ലെന്ന് ഇന്നലെയോടെ ഏവർക്കും വ്യക്തമായി. ആയിരം, അഞ്ഞൂറ് എന്നീ ഡിനോമിനേഷനുകളിലെ നോട്ടുകൾ എസ്.ബി.ഐ മാറ്റിക്കൊടുക്കുന്നില്ലെന്ന് ഇന്നലെ കാലത്ത് അധികൃതർ വ്യക്തമാക്കി. എസ്.ബി.ഐയുടേതാണ് ശാഖയെങ്കിലും തങ്ങളുടെ ബിസിനസ് സൗദി റിയാലിലും ഡോളറിലുമൊക്കെയാണെന്ന് ബാങ്ക് വ്യക്തമാക്കി.  അയൽ രാജ്യത്തെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് സ്ഥാപനം ഇന്ത്യൻ രൂപ മാറ്റിക്കൊടുക്കുന്നുണ്ടെന്നും വാട്ട്‌സപ്പിൽ വോയ്‌സ് മെസേജ് പ്രചരിച്ചിരുന്നു. നാണയ വിനിമയ സ്ഥാപനം ഇത്തരമൊരു സേവനം ചെയ്യുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ ഇതും അസത്യമാണെന്ന് തെളിഞ്ഞു. 
അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തുമ്പോൾ ആയിരവും അഞ്ഞൂറും ഉൾപ്പെടെയുള്ള ഇന്ത്യൻ കറൻസി പ്രവാസികളുടെ പക്കലുണ്ടാവുക  സ്വാഭാവികമാണ്. ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള രാജ്യമാണ് സൗദി അറേബ്യ. മുപ്പത് ലക്ഷത്തിലേറെയാണ് സൗദിയിലെ ഇന്ത്യക്കാരുടെ സംഖ്യ. അവധിക്കാലത്ത് നാട്ടിൽ നിന്ന് തിരിച്ചു കൊണ്ടുവന്ന ആയിരവും അഞ്ഞൂറും മിക്കവരുടേയും ശേഖരത്തിൽ കാണും. ഇത് മാറ്റിയെടുക്കാൻ അടുത്ത അവധിക്കാലം വരെ കാത്തിരിക്കാൻ നിർവാഹമില്ല. സർക്കാർ നിശ്ചയിച്ച സമയപരിധിയായ ഡിസംബർ 31നുള്ളിൽ നാട്ടിൽ അവധിയ്ക്ക് പോകുന്നത് പ്രവാസികളിൽ ചെറിയൊരു വിഭാഗം മാത്രമാണ്. നാട്ടിലേക്ക് അവധിയ്ക്ക് യാത്ര തിരിക്കുന്ന പരിചയക്കാരെ  ഏൽപിക്കാമെന്ന് വെച്ചാൽ ഓരോരുത്തർക്കും മാറ്റിയെടുക്കാവുന്ന തുകയ്ക്ക് പരിധിയുണ്ടെന്ന ആശങ്കയുള്ളതിനാൽ റിസ്‌ക് എടുക്കാൻ പലരും തയാറാവില്ല. ജിദ്ദയിലെ ബലദിൽ കഴിയുന്ന ബിഹാറിൽ നിന്നുള്ള ഒരു പ്രവാസിയുടെ പക്കൽ 39,000 ഇന്ത്യൻ രൂപയാണുള്ളത്. അധ്വാനിച്ചുണ്ടാക്കിയ ഈ തുക എവിടെ കൊടുത്ത് മാറ്റുമെന്നറിയാതെ പ്രയാസത്തിലാണ് യുവാവ്. എസ്.ബി.ഐയിൽനിന്ന് നോട്ടു മാറ്റിക്കൊടുക്കുമെന്ന വ്യാജ പ്രചാരണം വിവിധ ബാങ്കുകളിൽ ജോലി ചെയ്യുന്ന മലയാളി ഉദ്യോഗസ്ഥർക്ക് തെല്ലൊന്നുമല്ല പ്രയാസം സൃഷ്ടിച്ചത്. സോഷ്യൽ മീഡിയയിൽ കാണുന്നതെന്തും വിശ്വസിക്കുന്ന വലിയ വിഭാഗം മലയാളികളുണ്ട്. ഇവർ പൊടിപ്പും തൊങ്ങലും വെച്ച് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ എസ്.ബി.ഐയിൽ നിന്ന് നോട്ട് മാറ്റി കൊടുക്കുന്ന കാര്യത്തെ കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു തനിക്ക് ലഭിച്ച ഫോൺ കോളുകളിലേറെയുമെന്ന് ജിദ്ദയിലെ പ്രമുഖ ബാങ്കിലെ മലയാളി ഐ.ടി വിദഗ്ധൻ പറഞ്ഞു. കറൻസി മാറ്റത്തിൽ പ്രയാസത്തിലായ മറ്റൊരു വിഭാഗമാണ് നാട്ടിൽ നിന്ന് ഉംറയ്‌ക്കെത്തിയ തീർഥാടകർ. പുറപ്പെടുമ്പോൾ കോഴിക്കോട്, കൊച്ചി, മുംബൈ വിമാനത്താവളങ്ങളിൽനിന്ന്  ആയിരവും അഞ്ഞൂറുമായി യാത്ര പുറപ്പെട്ടവർക്കും കടലാസ് തുണ്ടായി മാറിയ കറൻസിയാണ് പ്രശ്‌നം. സൗദി റിയാലിലേക്ക് മാറ്റാതെ രൂപയുമായി തുടരുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. 
 

Tags

Latest News