ന്യൂദൽഹി- വിവാഹ സമയത്ത് വധൂവരന്മാർക്കു മുത്തലാഖ് സംബന്ധിച്ചു വ്യക്തമായ മാർഗനിർദേശം നൽകുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. മുത്തലാഖ് ചൊല്ലുന്നവർ സമുദായത്തിൽനിന്ന് ബഹിഷ്‌കരണം നേരിടേണ്ടിവരും.
ഒറ്റയടിക്കു മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിക്കരുതെന്ന് ദമ്പതികൾക്കു നിർദേശം നൽകാൻ മത പണ്ഡിതന്മാരോടും വിവാഹത്തിനു കാർമികത്വം വഹിക്കുന്നവരോടും നിഷ്‌കർഷിക്കുമെന്നും ബോർഡ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വ്യക്തിനിയമ ബോർഡിന്റെ വെബ്‌സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും തലാഖ് സംബന്ധിച്ച മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തും. ആചാരങ്ങളിൽ മാറ്റം വരുത്താൻ കോടതിയിടപെടൽ വേണ്ടെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
ഒരു കാരണവശാലും മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തരുതെന്ന് വധൂവരൻമാർക്ക് കർശനനിർദേശം നൽകാൻ മുസ്‌ലിം വിവാഹത്തിന് കാർമികത്വം വഹിക്കുന്നവരോട് ആവശ്യപ്പെടും. വിവാഹ മോചനത്തിലേക്കു നയിക്കുന്ന അവസരങ്ങളിൽ ഒറ്റയടിക്കു മൂന്നു തലാഖും ചൊല്ലരുതെന്നു വിവാഹ സമത്താണ് ദമ്പതികളോട് നിർദേശിക്കുക. ഭർത്താവ് ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലുന്നതിന് എതിരായ വ്യവസ്ഥ വിവാഹ ഉടമ്പടിയിൽ ഉൾപ്പെടുത്താനും നിർദേശിക്കും. ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹ ജീവിതം അവസാനിപ്പിക്കുന്നത് ശരീഅത്തിനു വിരുദ്ധമാണെന്നും ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് സെക്രട്ടറി മുഹമ്മദ് ഫസലുർറഹിം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
മുത്തലാഖിനെതിരായ ഹരജികളിൽ വാദംപൂർത്തിയായ സാഹചര്യത്തിൽ സുപ്രീം കോടതി ഭരണഘടനാബെഞ്ച് കേസ് വിധിപറയാൻ മാറ്റിയിരുന്നു. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് ശരീഅത്ത് പ്രകാരം ആശാസ്യമല്ലാത്ത ആചാരമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
മുത്തലാഖിന്റെ ഭരണഘടനാപരമായ സാധുതയാണ് പരിശോധിക്കുന്നതെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ വിഷയങ്ങൾ പിന്നീട് പരിശോധിക്കാമെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. ബാഹ്യ ഇടപെടലിലൂടെ മതപരമായ ആചാരങ്ങളിൽ മാറ്റംവരുത്തുന്നത് നിയമവിരുദ്ധമാണെന്ന വാദമാണ് മുസ്‌ലിം വ്യക്തി നിയമബോർഡ് ഉന്നയിച്ചിരുന്നത്.
നിലവിലുള്ളതിൽ നീചമായ വിവാഹമോചന മാർഗമാണ് മുത്തലാഖെന്ന് വാദം കേൾക്കലിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടത് വ്യാപക ചർച്ചകൾക്കു വഴിതെളിച്ചിരുന്നു. മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തിയാൽ മുസ്‌ലിം സമുദായത്തിലെ വിവാഹവും വിവാഹമോചനവും നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരാൻ തയാറാണെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു.