Sorry, you need to enable JavaScript to visit this website.

19 ടണ്‍ ഉരുളക്കിഴങ്ങ് വിറ്റപ്പോള്‍ ലഭിച്ചത് 490 രൂപ! കര്‍ഷകന്‍ തുക മോഡിക്കയച്ചു

ആഗ്ര- ഉത്തര്‍ പ്രദേശി ആഗ്രയില്‍ കര്‍ഷകന്‍ തന്റെ പാടത്തു നിന്നും വിളവെടുത്ത 19 ടണ്‍ ഉരുളക്കിഴങ്ങ് ചന്തയില്‍ കൊണ്ടു പോയി വിറ്റപ്പോള്‍ ലഭിച്ചത് വെറും 490 രൂപ. ആഗ്രയിലെ ബറോലി അഹിര്‍ സ്വദേശിയായ കര്‍ഷകന്‍ പ്രദീപ് ശര്‍മ പ്രതിഷേധ സൂചകമായി ഈ തുക മണി ഓര്‍ഡറായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ചു കൊടുത്തു. മഹാരാഷ്ട്രയിലെ ഒരു കര്‍ഷകന്‍  750 കിലോ ഉള്ളി ചന്തയിലെത്തിച്ചപ്പോള്‍ ലഭിച്ച തുച്ഛമായ 1064 രൂപ മോഡി അയച്ചു കൊടുത്തിട്ട് ഒരു മാസമാകുന്നതെയുള്ളൂ. അതിനിടെയാണ് യുപിയില്‍ നിന്നും സമാന കര്‍ഷക പ്രതിഷേധം.

പ്രധാനമന്ത്രി കര്‍ഷകരുടെ അവസ്ഥ മനസ്സിലാക്കണം. എന്തിനു വേണ്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി മോഡിയെ ഓര്‍മ്മിപ്പിക്കാനാണ് തന്റെ വരുമാനമായ 490 രൂപ അയച്ചു നല്‍കിയത്- പ്രദീപ് ശര്‍മ പറഞ്ഞു. ദുരിതം മൂലം ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചിരുന്നതായും ശര്‍മ പറയുന്നു. സഹായം തേടി യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയെ കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

ഒരു ക്വിന്റല്‍ ഉരുളക്കിഴങ്ങ് ഉല്‍പ്പാദിപ്പിക്കാന്‍ 700-800 രൂപ ചെലവിടുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്ന മിനിമം  താങ്ങുവില  ക്വിന്റലിന് 549 രൂപയാണ്. ഈ തുച്ഛമായ തുക കൃഷിക്കായി മുടക്കുന്നതിലും താഴെയാണ്. ഈ കാരണം കൊണ്ടാണ് സര്‍ക്കാരിന്റെ സംഭരണ കേന്ദ്രങ്ങളിലേക്ക് കര്‍ഷകര്‍ പോകാത്തതെന്നും പ്രദീപ് ശര്‍മ പറഞ്ഞു.
 

Latest News