ന്യൂദൽഹി- റാഫേൽ ഇടപാടിൽ വീണ്ടും പ്രക്ഷുബ്ധമായി ലോക്‌സഭ. തന്റെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി അനിൽ അംബാനിയുടെ പേര് പരാമർശിച്ചപ്പോൾ സ്പീക്കർ സുമിത്ര മഹാജൻ ഇടപെട്ടതു മുതലാണ് വാഗ്വാദങ്ങളുടെ തുടക്കം. പ്രകോപിതനായ രാഹുൽ അദ്ദേഹത്തിന്റെ പേര് പറയാൻ പാടില്ലേ എന്ന് ആവർത്തിച്ച് ചോദിക്കുകയും ചെയ്തു. പറ്റില്ല എന്ന ഉത്തരം ആവർത്തിച്ചപ്പോൾ താൻ അദ്ദേഹത്തെ 'എ എ' എന്ന് വിളിച്ചോളാം എന്ന് തിരിച്ചടിച്ച് രാഹുൽ പ്രസംഗം തുടർന്നു.
അനിൽ അംബാനിയെ പരാജയപ്പെട്ട വ്യവസായി എന്ന് വിശേഷിപ്പിച്ച രാഹുൽ നിയമങ്ങൾ ലംഘിച്ചാണ് അംബാനിയുടെ കമ്പനിയെ റാഫേൽ ഇടപാടിന്റെ ഭാഗമാക്കിയതെന്ന് ആരോപിച്ചു. അംബാനിയെ ഉൾപ്പെടുത്തി കരാർ ഒപ്പിട്ടതിലൂടെ മോഡി രാജ്യത്തെ വഞ്ചിച്ചുവെന്നും രാജ്യത്തിന് കോടികളുടെ നഷ്ടമൂണ്ടാക്കിയെന്നും രാഹുൽ പറഞ്ഞു.
പ്രസംഗത്തിൽ ഉടനീളം 'എ എ' എന്നായിരുന്നു അനിൽ അംബാനിക്ക് പകരം രാഹുൽ ഉപയോഗിച്ചത്. രണ്ട് തവണ അനിൽ അംബാനി എന്നു പറഞ്ഞ രാഹുൽ ക്ഷമാപണം നടത്തി പ്രസംഗം തുടർന്നു. പ്രസംഗത്തിന്നിടയിൽ അനിൽ അംബാനി ബി ജെ പി അംഗമാണോ എന്നും രാഹുൽ ചോദിച്ചു.
കരാർ വിവാദം തുടങ്ങിയത് റാഫേൽ ഇടപാടിൽ ഫ്രഞ്ച് കമ്പനി ഡസോൾട്ട് അനിൽ അംബാനിയുടെ റിലയൻസിനെ പങ്കാളിയാക്കിയതോടെയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎൽ) ചേർന്ന് വിമാനങ്ങൾ നിർമിക്കാനായിരുന്നു 2012 ലെ യുപിഎ സർക്കാർ ഫ്രാൻസിലെ ഡസോൾട്ട് കമ്പനിയുമായി കരാർ ഒപ്പുവച്ചത്. ഏകദേശം 54,000 കോടി രൂപ വരുന്ന 10.2 ബില്യൺ ഡോളറിന്റേതായിരുന്നു കരാർ. 2014 മാർച്ചിൽ ഡാസോൾട്ടും എച്ച്എഎല്ലും വർക് ഷെയർ കരാറും ഒപ്പിട്ടിരുന്നു.
എൻ ഡി എ അധികാരത്തിലെത്തിയതോടെ പഴയ കരാറിന് പകരം 2016 സെപ്തംബർ 23ന് 59,000 കോടി രൂപയുടെ പുതിയ കരാർ ഒപ്പു വെച്ചു. ദിവസങ്ങൾക്കകം ഡസോൾട്ട് ഏവിയേഷൻസും റിലയൻസ് എയ്‌റോസ്‌പേസും ചേർന്ന് സംയുക്ത സംരംഭത്തിനു തുടക്കം കുറിച്ചു . എച്ച്എഎല്ലിനെ ഒഴിവാക്കിയായിരുന്നു റിലയൻസിനെ കരാറിന്റെ ഭാഗമാക്കിയത്. കരാറിൽ അനിൽ അംബാനിയെ ഭാഗമാക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്നായിരുന്നു പ്രധാന ആരോപണം. താനോ തന്റെ കാമുകിയോ ഇടപെട്ടല്ല, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരമാണ് അനിൽ അംബാനി കരാറിൽ ഉൾപ്പട്ടതെന്ന് സൂചിപ്പിച്ച് ഫ്രാൻസിന്റെ മുൻ പ്രസിഡണ്ട് ഫ്രാങ്കോയിസ് ഒളാന്തും രംഗത്തെത്തിയിരുന്നു.
രാഹുൽ സത്യം ഇഷ്ടപ്പെടാത്തവരുടെ കൂട്ടത്തിലാണെന്ന് മറുപടി പ്രസംഗത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ആരോപിച്ചു. കേസിൽ സമീപകാലത്തെ സുപ്രിം കോടതി വിധി ചൂണ്ടിക്കാണിച്ച മന്ത്രി ഇടപാടിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിലനിൽക്കില്ലെന്നും പറഞ്ഞു.
റാഫേൽ കരാറിൽ അനിൽ അംബാനിയുടെ റിലയൻസിന്റെ പങ്കാളികളാക്കിയാതിൽ കേന്ദ്ര സർക്കാരിന് പ്രത്യേക താൽപ്പര്യമുണ്ടെന്ന് പറയാനാവില്ല എന്നായിരുന്നു സുപ്രീം കോടതി നേരത്തെ പറഞ്ഞത്. കരാർ പങ്കാളിയെ തീരുമാനിക്കേണ്ടത് വിമാന നിർമാണക്കമ്പനിയാണെന്നും ഇക്കാര്യത്തിൽ സർക്കാറിന് ഇടപെടൽ നടത്തിയെന്നത് തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞിരുന്നു.
രാഹുൽ 'എ എ' എന്നുപയോഗിച്ചതിന്ന് പകരമായി താൻ 'ക്യു' എന്ന പദം ഉപയോഗിക്കുകയാണെന്നും രാഹുൽ 'ക്യു' വിന്റെ മടിയിൽ കിടന്ന് കളിച്ച ആളാണോ എന്നും ജയ്റ്റ്‌ലി ചോദിച്ചു. ബോഫോഴ്‌സ് കേസിൽ ഉൾപ്പെട്ട് ഒക്ടോവിയോ കൊട്രോച്ചിയെയിരുന്നു ജെയ്റ്റ്‌ലി ഉദ്ദേശിച്ചത്.
വിവാദമായ ബോഫോഴ്‌സ് കേസിൽ രാജീവ് ഗാന്ധിയുടെ പേര് ഉൾപ്പെട്ടിരുന്നുവെങ്കിലും വർഷങ്ങൾക്ക് മുമ്പ് അത് നീക്കം ചെയ്യപ്പെട്ടിരുന്നു.