Sorry, you need to enable JavaScript to visit this website.

പ്രായശ്ചിത്ത ഹോമം നടത്തി; ശബരിമല നട വീണ്ടും തുറന്നു

പത്തനംതിട്ട- യുവതികള്‍ ദര്‍ശനം നടത്തിയതോടെ ആചാര ലംഘനം നടന്ന ശബരിമലയില്‍ പരിഹാര ക്രിയകള്‍ നടത്തി.
രാവിലെ അടച്ചിട്ട നട തുറന്ന് ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. പഞ്ചാ പുണ്യാഹം, ബിംബ ശുദ്ധി ക്രിയ, പ്രസാദ ശുദ്ധി, പ്രായശ്ചിത്ത ഹോമം, കലശം, വിളിച്ചുചൊല്ലി പ്രായശ്ചിത്തം എന്നിവ ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കിയാണ് വീണ്ടും നട തുറന്നത്.  
യുവതികള്‍ മലകയറി ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചതോടെയാണ് തുടര്‍ നടപടികള്‍ക്കായി നട അടച്ചിരുന്നു. ഇന്നു പുലര്‍ച്ചെ മലകയറിയെന്ന രണ്ട്  യുവതികളുടെ അവകാശവാദം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചിരുന്നു. പോലീസ് അവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മല കയറാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.  നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. സുരക്ഷിതമായി മലകയറാന്‍ സാധിച്ചുവെന്നും ആരും പിന്തിരിപ്പിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.
പോലീസ് സംരക്ഷണത്തോടെ ഇന്ന് പുലര്‍ച്ചെയാണ് യുവതികള്‍ വി.ഐ.പി ലോഞ്ച് വഴി സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ മാസം 24ന് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയെങ്കിലും കടുത്ത പ്രതിഷേധം കാരണം തിരിച്ചിറങ്ങേണ്ടി വന്നിരുന്നു.
പോലീസ് സംരക്ഷണത്തിലാണ് ദര്‍ശനം നടത്തിയതെന്നും പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും യുവതികള്‍ പറഞ്ഞു.

 

Latest News