പാരിസ്- ഐക്യ രാഷ്ട്ര സഭയുടെ (യു.എന്‍) വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌ക്കാരിക ഏജന്‍സിയായ യുനെസ്‌കോയിലെ അംഗത്വം യുഎസും ഇസ്രാഈലും ഔദ്യോഗികമായി ഉപേക്ഷിച്ചു. യുനെസ്‌കോ ഇസ്രാഈല്‍ വിരുദ്ധ മുന്‍വിധി വച്ചുപുലര്‍ത്തുന്നുവെന്നാരോപിച്ച് ഒരു വര്‍ഷമായി നിലനിന്ന അനിശ്ചിതത്വം അവസാനിപ്പിച്ചാണ് ഇരു രാജ്യങ്ങളും ഏജന്‍സിയെ കൈയൊഴിഞ്ഞത്. ഈ ഉപേക്ഷിക്കല്‍ ഒരു നടപടിക്രമം മാത്രമാണെങ്കിലും രണ്ടാം ലോക യുദ്ധത്തിനു ശേഷം ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കാന്‍ യുഎസ് കൂടി മുന്‍കൈയെടുത്ത് സ്ഥാപിച്ച ഏജന്‍സിയെ യുഎസ് ഉപേക്ഷിച്ചത് യുനെസ്‌കോക്ക് തിരിച്ചടിയായി. 2017 ഒക്ടോബറിലാണ് യുനെസ്‌കോ അംഗത്വം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നല്‍കുകയായിരുന്നു.
കിഴക്കന്‍ ജറൂസലമിലെ ഇസ്രാഈല്‍ കയ്യേറ്റത്തെ എതിര്‍ക്കുകയും ജൂത കേന്ദ്രങ്ങളെ ഫലസ്തീന്‍ പൈതൃക ഇടങ്ങളായി പ്രഖ്യാപിക്കുകയും 2011ല്‍ ഫലസ്തീന് മുഴു അംഗത്വം നല്‍കിയതുമാണ് യുനെസ്‌കോയ്‌ക്കെതിരായ യുഎസ്, ഇസ്രാഈല്‍ നിലപാടിന് കാരണം. ഇരു രാജ്യങ്ങളുടെ പുറത്ത് പോയത് നിലവിലെ സാഹചര്യത്തില്‍ യുനെസ്‌കോയെ സാമ്പത്തികമായി ബാധിക്കില്ല. ഫലസ്തീന് അംഗത്വം നല്‍കിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും 2011 മുതല്‍ യുനെസ്‌കോയ്ക്കുള്ള ഫണ്ടുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.
അതേസമയം ഈ പിന്‍മാറ്റത്തിനു കാരണമായി യുഎസ് പറയുന്ന പല വാദങ്ങള്‍ക്കും പിന്‍ബലമില്ലെന്നാണ് യുനെസ്‌കോ വൃത്തങ്ങള്‍ പറയുന്നത്. യുനെസ്‌കോ പാസാക്കിയ പ്രമേയങ്ങള്‍ ഇസ്രാഈലിന്റേയും അറബ് രാജ്യങ്ങളുടെയും അഭിപ്രായ ഐക്യത്തോടെയായിരുന്നെന്നും അവര്‍ പറയുന്നു.