മാഞ്ചസ്റ്റർ- മെഡിക്കൽ ചരിത്രത്തിൽതന്നെ അദ്ഭുതമായി 12 ദിവസത്തെ വ്യത്യാസത്തിൽ ഇരട്ടകളുടെ പ്രസവം. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ സ്‌പെഷ്യൽ സ്‌കൂൾ അധ്യാപികയായ വിക്കി ഗ്രീനാണ് അപൂർവമായ 'ഇരട്ട പ്രസവ'ത്തിലൂടെ ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ കുട്ടി പ്രെസ്‌ലിയെ വിക്കി പ്രസവിക്കുമ്പോൾ കുഞ്ഞിന് 26 ആഴ്ചയേ ആയിരുന്നുള്ളൂ. ഭാരം ഒരു കിലോയിൽ താഴെയും.
രണ്ടാമത്തെ കുഞ്ഞ് അപ്പോൾ പുറത്തു വന്നില്ല. പിന്നെയും 12 ദിവസം കഴിഞ്ഞാണ് രണ്ടാമത്തെ മകൾ പ്രൈസ്‌ലി ജനിക്കുന്നത്. കുഞ്ഞിന് ഒന്നര കിലോയോളം തൂക്കമുണ്ടായിരുന്നു. മെഡിക്കൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര സമയവ്യത്യാസത്തിൽ ഇരട്ടകളുടെ പ്രസവം നടക്കുന്നത്.
വേറെയും അദ്ഭുതങ്ങളുണ്ട് വിക്കി ഗ്രീന്റെ പ്രസവത്തിൽ. ഗർഭിണിയാണെന്ന കാര്യം താനും പങ്കാളി ഡാരൻ ബ്രാഡ്‌ഷോയും അറിയുന്നത് കഷ്ടിച്ച് നാലാഴ്ച മുമ്പാണെന്ന് 32 കാരി പറയുന്നത്. വയർ വീർത്തിരുന്നില്ല.
ആർത്തവം ഇടയ്ക്ക് മുടങ്ങിയെങ്കിലും അതിന് കാരണം മാനസിക സംഘർഷമാണെന്നാണ് കരുതിയത്. മുടക്കം നീണ്ടതോടെ പ്രഗ്നൻസി ടെസ്റ്റ് നടത്തിയപ്പോഴാണ് ഗർഭമുണ്ടെന്ന് കണ്ടെത്തിയത്. സ്‌കാനിംഗിൽ ഇരട്ടക്കുട്ടികളാണെന്നും കണ്ടെത്തി. എന്നിട്ടും വയർ വീർത്തു വരാത്തതെന്തെന്ന് അദ്ഭുതമായിരുന്നുവെന്ന് വിക്കി പറഞ്ഞു. കുട്ടികൾ ഗർഭപാത്രത്തിൽ നട്ടെല്ലിനോട് ചേർന്ന് കിടന്നതിലാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്.
കുഞ്ഞുങ്ങൾക്ക് മാസം തികയുന്നതിനു മുമ്പെ പ്രസവ ലക്ഷണങ്ങളുമായി വിക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ പ്രസവം നടക്കുന്നതൊഴിവാക്കാനാണ് മാഞ്ചസ്റ്റർ സെന്റ് മേരീസ് ആശുപത്രിയിലെ ഡോക്ടർമാർ ആദ്യം ശ്രമിച്ചത്. പക്ഷെ ആദ്യ കുഞ്ഞ് അപ്പോഴേക്കും പുറത്തു വന്നു. എന്നാൽ ഉടൻ തന്നെ വിക്കിയുടെ പ്രസവ വേദന കുറഞ്ഞു. പ്രസവത്തിന്റെ ലക്ഷണങ്ങളും അപ്രത്യക്ഷമായതോടെ ഡോക്ടർമാരും അങ്കലാപ്പിലായി. ഒരു കുഞ്ഞ് പുറത്തും മറ്റേ കുഞ്ഞ് അകത്തുമായുള്ള ആ ദിനങ്ങൾ വല്ലാത്ത അനുഭവമായിരുന്നുവെന്ന് വിക്കി പറഞ്ഞു. ഏതായാലും രണ്ടാമത്തെ കുഞ്ഞിനെയും പ്രസവിച്ചതോടെ എല്ലാവർക്കും ആശ്വാസമായി.
അമ്മയും മക്കളും ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു. മക്കൾക്ക് ഓരോ ദിവസവും ഭാരം കൂടിവരുന്നുണ്ടെന്ന് വിക്കി പറഞ്ഞു.