ന്യൂദല്‍ഹി- റഫാല്‍ വിഷയത്തില്‍ തെറ്റായി ഒന്നും തെളിയിക്കാനില്ലാത്ത കോണ്‍ഗ്രസ് തന്നെ ചെളിവാരി എറിയാന്‍ ശ്രമിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ യഥാര്‍ഥത്തില്‍ രാജ്യ സുരക്ഷയെ ആണ് അപകടത്തിലാക്കുന്നത്. സൈന്യത്തെ ദുര്‍ബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പുതുവത്സര ദിനത്തിലെ അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ മറികടന്നും പ്രതിരോധ മേഖലയില്‍ സുരക്ഷയ്ക്കാവശ്യമായ സംവിധാനങ്ങള്‍ വാങ്ങുന്നുണ്ട്. തന്നെ വ്യക്തിപരമായി ആക്രമിക്കുന്നവരെ അവഗണിച്ച് രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ചെയ്യുന്നത്. എന്തു തരം ആരോപണങ്ങള്‍ ഉണ്ടായാലും രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി സത്യസന്ധമായേ പ്രവര്‍ത്തിക്കൂ എന്നു തീരുമാനിച്ചിട്ടുണ്ട്. സൈനികരെ വിധിക്കു വിട്ടുകൊടുക്കാന്‍ തയാറല്ല.
റഫാല്‍ ഇടപാടില്‍ മുതലാളിത്ത സൗഹൃദത്തോടെ അനില്‍ അംബാനിക്ക് അനുകൂലമായി കാര്യങ്ങള്‍ നീക്കി എന്ന ആരോപണത്തെക്കുറിച്ച് അത് തനിക്ക് നേരെയുള്ള ആരോപണമല്ലെന്നും സര്‍ക്കാരിന് നേര്‍ക്കുള്ളതാണെന്നുമായിരുന്നു മറുപടി. തനിക്കു നേരെയുള്ള ആരോപണങ്ങള്‍ക്ക് വ്യക്തമായ എന്തെങ്കിലും തെളിവുണ്ടോ എന്നും മോഡി ചോദിച്ചു. പാര്‍ലമെന്റിലും മറ്റു പൊതു വേദികളിലും ഇതു സംബന്ധിച്ചു വിശദീകരിച്ചിട്ടുള്ളതാണ്. സുപ്രീം കോടതിയും ഇക്കാര്യത്തില്‍ തീര്‍പ്പ് കല്‍പിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് എന്തെങ്കിലും തെളിവുകളുണ്ടോ എന്ന് മാധ്യമങ്ങള്‍ കോണ്‍ഗ്രസിനോട് ചോദിക്കണം. യഥാര്‍ഥമായ ഒരു തെളിവും കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും മോഡി വെല്ലുവിളിച്ചു.