ന്യൂദല്‍ഹി- 'ദൗത്യം വിജയമോ പരാജയമോ ആകട്ടെ, സുര്യോദയത്തിന് മുമ്പ് നിങ്ങള്‍ മടങ്ങി വരണം' -അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന് പുറപ്പെട്ടു നില്‍ക്കുന്ന സൈനികര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കിയ സന്ദേശം ഇങ്ങനെയായിരുന്നു. മിന്നലാക്രമണം നടന്ന രാത്രി നേരിട്ടു തന്നെ താന്‍ എല്ലാ വിവരങ്ങളും തത്സമയം അറിഞ്ഞു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു എന്നും മോഡി പറഞ്ഞു.
പുതുവര്‍ഷ ദിനത്തിലെ അഭിമുഖത്തില്‍ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൈനികരുടെ സുരക്ഷയെക്കരുതി മിന്നലാക്രമണത്തിന്റെ തീയതി രണ്ടു തവണ മാറ്റിവെച്ചിരുന്നു. കശ്മീരിലെ ഉറിയില്‍ ഭീകരര്‍ സൈനിക ക്യാമ്പ് ആക്രമിച്ച് 20 സൈനികരുടെ മരണത്തിനിടയാക്കിയതിന് തൊട്ടു പിന്നാലെയായിരുന്നു മിന്നലാക്രമണം. ഈ ആക്രണത്തില്‍ സൈനികര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടത് തന്റെ ഉള്ളില്‍ തട്ടിയെന്നും അതിന്റെ തുടര്‍ച്ചയായിരുന്നു മിന്നലാക്രമണം എന്നുമാണ് മോഡി പറഞ്ഞത്.
മിന്നലാക്രമണത്തെക്കുറിച്ച് അതിവൈകാരികമായാണ് മോഡി സംസാരിച്ചത്. ദൗത്യത്തില്‍ കുടുങ്ങി വീണു പോകരുതെന്നാണ് സൈനികരോട് നിര്‍ദേശിച്ചത്. മിന്നലാക്രമണത്തില്‍ പങ്കെടുത്ത ഒരു സൈനികന്‍ പോലും കൊല്ലപ്പെട്ടില്ലെന്ന് മോഡി ചൂണ്ടിക്കാട്ടി.