Sorry, you need to enable JavaScript to visit this website.

ബുലന്ദ്ഷഹർ കലാപം: പ്രധാനപ്രതി അറസ്റ്റിൽ

ലഖ്‌നൗ- ഉത്തർപ്രദേശിലെ  ബുലന്ദ്ഷഹർ കലാപത്തിന്നിടയിൽ പോലീസ് ഇൻസ്‌പെക്ടർ സുബോധ് കുമാറിനെ കൊന്ന കേസിൽ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കവുല എന്നയാളെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കവുലയാണ് കൊല്ലുന്നതിന് മുമ്പ് സുബോധ് കുമാറിന്റെ കൈക്ക് കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സുബോധ് കുമാറിനെ വെടിവെച്ച പ്രശാന്ത് നാഥ് നേരത്തെ അറസ്റ്റിലായിരുന്നു. 
അക്രമകാരികൾ മനപ്പൂർവം കലാപം ഉണ്ടാക്കുകയായിരുന്നുവെന്നും നിരന്തരം അപേക്ഷിച്ചിട്ടും പിൻമാറാൻ തയ്യാറായില്ലെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട സുബോധ് കുമാർ സിംഗ് ക്രൂരമായ ആക്രമണത്തിനും മർദനത്തിനും ഇരയായി എന്നും വെളിപ്പെടുത്തലിലുണ്ട്.
പ്രധാന  പ്രതിയായ കലുവ റോഡിൽ മരം മുറിച്ചിടാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. പ്രദേശവാസികളെ കൂട്ടി മനപൂർവം കലാപം സൃഷ്ടിക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറയുന്നു. 
ബുലന്ദ്ഷഹറിലെ ഒരു മൈതാനത്ത് അന്ന് ഒരു മുസ്‌ലിം സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടി നടക്കുമ്പോഴായിരുന്നു ഇത്. സംഗമത്തിൽ പങ്കെടുക്കാൻ പോയവർ തിരിച്ചു വരുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന ഗതാഗത തടസ്സം കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കും എന്നു മനസ്സിലാക്കി പോലീസ് കലുവയെ തടഞ്ഞു. കലുവ മരം മുറിക്കൽ തുടരുകയും സുബോധ് പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് വെട്ടുകയും ചെയ്തു. വെട്ട് കൊണ്ട് കയ്യിൽ നിന്ന് രക്തം ഒലിച്ചപ്പോഴും സുബോധ് കലുവയോട് മരം മുറി നിർത്താൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പിന്മാറാൻ തയ്യാറാവാതിരുന്ന കലുവയും കൂടെയുള്ളവരും പൊലീസ് ഇൻസ്‌പെക്ടർക്കെതിരെ കല്ലേറ് തുടങ്ങി. 
ആക്രമണം രൂക്ഷമായപ്പോൾ പിന്തിരിഞ്ഞ സുബോധിനെ കലുവ, പ്രശാന്ത് നാഥ്, സുമിത് എന്നീ മൂന്നു പേർ ചേർന്ന് പിന്തുടർന്നു. സ്വയരക്ഷക്കായി സുബോധ് വെടിയുതിർത്തു. ഇതിൽ പ്രകോപിതനായ പ്രശാന്ത് നാഥ് സുബോധിനു നേരെ വെടിയുതിർത്തു. ശേഷം, ജനക്കൂട്ടം പോലീസ് സ്‌റ്റേഷൻ ആക്രമിച്ചു, പോലീസ് വാഹനങ്ങൾ അടക്കം തീയിട്ട് നശിപ്പിച്ചു. 

കഴിഞ്ഞ ആഴ്ചയാണ് പ്രശാന്ത്‌നാഥിനെ പോലീസുകാരനെ കൊന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് നാഥിനെതിരെ എല്ലാ തെളിവുകളും കയ്യിലുണ്ടെന്നും പ്രതി കുറ്റം സമ്മതിച്ചെന്നും പോലീസ് പറയുന്നു. ഒരു ദൃക്‌സാക്ഷി പ്രശാന്തിനെതിരെയും കലുവക്കെതിരെയും മൊഴി നൽകിയിട്ടുണ്ട്.
കലാപത്തിന്റെ പ്രധാന ആസൂത്രകരായ ബജ്‌രംഗദൾ നേതാവ് യോഗേഷ് രാജ്, യുവമോർച്ച നേതാവ് ശിക്കർ അഗർവാൾ എന്നിവർ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നു ബുലന്ദ്ഷഹർ  സീനിയർ സൂപ്രണ്ട് പ്രാഭകർ ചൗധരി പറഞ്ഞു. 
ഡിസംബർ മൂന്നിന് നടന്ന കലാപത്തിൽ ഇത് വരെ മുപ്പതോളം പേർ അറസ്റ്റിലായിട്ടുണ്ട്.
 

Latest News