Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കനത്ത സുരക്ഷയിൽ ഭീമാ കൊറേഗാവ്; ഭീം ആർമി നേതാവിന് നിരോധനം

പൂനെ-  ഭീമാ കൊറേഗാവ് യുദ്ധ അനുസ്മരണത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ദളിതുകൾ പ്രഖ്യാപിച്ചതോടെ സ്ഥലത്ത് കനത്ത സുരക്ഷയൊരുക്കി മഹാരാഷ്ട്ര പോലീസ്. അയ്യായിരത്തിലധികം പോലീസുകാരാണ് വിവിധയിടങ്ങളിലായി വിന്യസിക്കപ്പെട്ടിട്ടുളളത്. ഇതിന് പുറമേ ഹോം ഗാർഡുകളും ദ്രുതകർമ സേനയുടെ യൂണിറ്റുകളും സ്ഥലത്തുണ്ട്. കഴിഞ്ഞ വർഷം യുദ്ധവാർഷികം ആഘോഷിക്കാനെത്തിയ ദളിതുകളെ സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് വൻ സുരക്ഷ. 
ലക്ഷക്കണക്കിന് ദളിതുകളാണ് സ്ഥലത്ത് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. യുദ്ധാനുസ്മരണത്തെ അഭിസംബോധന ചെയ്യാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് മഹാരാഷ്ട്ര ഹൈക്കോടതി അനുമതി നിഷേധിച്ചിട്ടുണ്ട്. യുദ്ധസ്മാരകം സന്ദർശിക്കാൻ കോടതി അനുമതി നൽകി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് നിലവിലുളളതെന്ന് ആസാദ് പ്രതികരിച്ചു. 
കഴിഞ്ഞ വർഷം ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികാഘോഷത്തിനെത്തിയ ദളിതുകൾക്ക് നേരെ സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 30 പോലീസുകാർക്കും പരിക്കേറ്റു. 200 ൽ കൂടുതൽ ആളുകൾ അറസ്റ്റിലായി. 
സംഭവത്തിന് ശേഷം ദളിതുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ  തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ദപ്രവർത്തകൻ വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര, മാധ്യമപ്രവർത്തകൻ ഗൗതം നവ്‌ലാഖ എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൂനെ പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ചരിത്രകാരിയും ആക്ടിവിസ്റ്റുമായ റോമില ഥാപ്പർ, ചരിത്രകാരനും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്‌നായിക്, സതീശ് ദേശ്പാണ്ഡേ തുടങ്ങിയവർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ പൂനെ പൊലീസിന് രൂക്ഷമായ വിമർശനം ഏറ്റുവാങ്ങേണ്ടിയും വന്നു.

1818 ലെ ഭീമാ കൊറേഗാവ് യുദ്ധം ദളിതുകളെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുളളതാണ്. യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് എണ്ണൂറോളം വരുന്ന മഹർ ജാതിക്കാരുടെ സൈന്യം പേഷ്വാ ഭാജി റാവു രണ്ടാമന്റെ സൈന്യത്തെ തോൽപ്പിച്ചു. യുദ്ധ സ്ഥലത്ത് വിജയസൂചകമായി ഒരു സ്തൂപം ബ്രിട്ടീഷുകാർ നിർമിക്കുകയും ചെയ്തു. 1927 ൽ അംബേദ്കർ ഇവിടെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് അംബേദ്കറിന്റെ അനുയായികൾ ഇവിടം സന്ദർശനം പതിവാക്കിയതും സവർണർക്കെതിരെയുളള ദളിതുകളുടെ വിജയം ആഘോഷിക്കാനും തുടങ്ങിയത്.
 

Latest News