ന്യൂദൽഹി- ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ബി.ജെ.പി വിരുദ്ധ സഖ്യത്തിന് സാധ്യത തെളിയുന്നു. കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാൻ സന്നദ്ധത പ്രകടിപ്പിച്ച് ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതി രംഗത്തെത്തി. സഖ്യം പുലരണമെങ്കിൽ ചില നിബന്ധനകളുണ്ടെന്നും കോൺഗ്രസ് അവ പാലിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രിലിൽ നടന്ന അഖിലേന്ത്യാ പണിമുടക്കിനിടെ രാജസ്ഥാനിലും മധ്യപ്രദേശിലും പട്ടിക ജാതിക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നാണ് നിബന്ധന.
'കോൺഗ്രസിന് ഒരു മുന്നറിയിപ്പ് അനിവാര്യമാണ്. കോൺഗ്രസ് വെറും പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കടലാസുകളിലൊതുങ്ങുന്ന പ്രസ്താവനകൾ നടത്തുന്നതിൽ കോൺഗ്രസും ബി.ജെ.പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ജനങ്ങൾക്കറിയാം. ഞങ്ങൾക്കറിയേണ്ടത് കോൺഗ്രസ് അതിന്റെ നിലപാട് മാറ്റാൻ സന്നദ്ധമാണോ എന്നാണ്,' മായാവതി പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പിന്തുണയോടെ നടന്ന സമരം മധ്യപ്രദേശിലും രാജസ്ഥാനിലും അക്രമാസക്തമായിരുന്നു. തുടർന്ന് നിരവധി പേർ അറസ്റ്റിലാവുകയും ബി.എസ്.പി പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനാളുകൾക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ഉത്തർ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിൽ ഒന്നിച്ച് ലോക് സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് മായാവതിയുടെ ബി.എസ്.പിയുടെയും അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയുടെയും തീരുമാനം. കോൺഗ്രസിനെ സഖ്യത്തിൽ ഉൾപ്പെടുത്തേണ്ട എന്നായിരുന്നു ഇരു പാർട്ടികളുടെയും തീരുമാനം. ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-എസ്.പി സഖ്യം ചിലയിടങ്ങളിൽ രൂപപ്പെട്ടെങ്കിലും രണ്ട് പാർട്ടികളും കനത്ത തോൽവി ഏറ്റു വാങ്ങി.
നിലവിൽ കോൺഗ്രസ് മധ്യപ്രദേശ് ഭരിക്കുന്നത് എസ്.പി, ബി. എസ്.പി പിന്തുണയോടെയാണ്. ആകെ 230 സീറ്റൂകളിൽ 114 എണ്ണം നേടിയ കോൺഗ്രസിന് മധ്യപ്രദേശിൽ കേവല ഭൂരിപക്ഷമില്ല. എസ്.പി, ബി.എസ്.പി പിന്തുണയോടെയാണ് കമൽനാഥ് മന്ത്രിസഭ മധ്യപ്രദേശിൽ അധികാരത്തിലേറിയത്. ബി എസ് പിക്ക് രണ്ടും എസ് പിക്ക് ഒന്നും സീറ്റുകൾ ലഭിച്ചിരുന്നു. പക്ഷെ, രണ്ടു പാർട്ടിക്കും മന്ത്രിസഭയിൽ പ്രാതിനിധ്യമില്ല. നേരത്തെ, തന്റെ എം എൽ എക്ക് മധ്യപ്രദേശിൽ മന്ത്രി സ്ഥാനം നൽകാത്തതിനെതിരെ അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. കോൺഗ്‌സ്-എസ്.പി, ബി.എസ്.പി സഖ്യം സാധ്യമാവുകയാണെങ്കിൽ ഉത്തർ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിൽ ബിജെപിയുടെ നില പരുങ്ങലിലാവും.