Sorry, you need to enable JavaScript to visit this website.

വിവാദങ്ങള്‍ക്ക് വിട; കരുത്തോടെ കുഞ്ഞാലിക്കുട്ടി ദല്‍ഹിയില്‍

ന്യൂദല്‍ഹി- മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് ചേര്‍ന്ന യു.പി.എ യോഗത്തിനു മുന്നോടിയായി മുസ്്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, പി.വി.അബ്്ദുല്‍ വഹാബ് എം.പി എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരുമായി ചര്‍ച്ച നടത്തി.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ബി.ജെ.പിയുടെ ഭൂരിപക്ഷം കാരണം ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ യു.പി.എയുടെ നേതൃത്വത്തില്‍ പരാജയപ്പെടുത്തുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.  ബില്ലിനെതിരെ നിലകൊള്ളാന്‍ യു.പി.എ ഇതര കക്ഷികളുടെ കൂടി പിന്തുണ ഉറപ്പാക്കുന്നതിന് ഇടപെടലുകളുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കുഞ്ഞാലിക്കുട്ടി പ്രത്യേകം കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് എം.പിമാരായ കെ.സി.വേണുഗോപാല്‍, എം.കെ.രാഘവന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. കൂടാതെ എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി.
ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമാണ് രാജ്യസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കാന്‍ ഇടയുള്ള പ്രധാനപ്പെട്ട ഒരു ബില്ല് സെലക്ട് കമ്മിറ്റിയില്‍ പോകാതെ പാസാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും വ്യക്തമാക്കി. തുടര്‍ന്ന് ബില്‍ പാസാക്കി എടുക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെയെ ഉപയോഗിച്ച് സഭ തടസ്സപ്പെടുത്തുകയായിരുന്നു. നാളെ വീണ്ടും ബില്ല് സഭയുടെ പരിഗണനക്കായി വരുന്നുണ്ട്.
 

 

Latest News