ആലപ്പുഴ - 'വയസ് 101 ആയി, ഒരുപാടു നേരം നിൽക്കാനൊന്നും വയ്യ, എന്നാലും ഞാൻ വരും' വനിതാ മതിലിൽ പങ്കെടുക്കാനുള്ള ക്ഷണവുമായി എത്തിയ മന്ത്രി ജി. സുധാകരനോട് ആദ്യ കേരള മന്ത്രിസഭയിലെ ഏകവനിതാ സാന്നിധ്യമായിരുന്ന കെ.ആർ. ഗൗരിയമ്മയുടെ വാക്കുകൾ. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരം വനിതാ മതിലിൽ ജെ.എസ.്എസ് ജനറൽ സെക്രട്ടറി ഗൗരിയമ്മയുടെ സാന്നിധ്യം ഉറപ്പാക്കാൻ നേരിട്ടു ക്ഷണിക്കാനെത്തിയതായിരുന്നു ജി. സുധാകരൻ.
സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള വനിതാമതിൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഗൗരിയമ്മ കൂട്ടിച്ചേർത്തു. അടിച്ചമർത്തപ്പെട്ട സ്ത്രീസമൂഹത്തിന് ഉയർത്തെഴുനേൽക്കാനുള്ള സുവർണ്ണാവസരമാണ് വനിതാ മതിൽ. പ്രായാധിക്യമുണ്ടെങ്കിലും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്നു ഗൗരിയമ്മ പറഞ്ഞു. ശവക്കോട്ട പാലത്തിന് വലതുഭാഗത്ത് നിൽക്കുമെന്നാണ് ഗൗരിയമ്മ അറിയിച്ചിരിക്കുന്നത്.
വനിതാ മതിലിനുള്ള തന്റെ സന്ദേശവും ഗൗരിയമ്മ മന്ത്രിക്ക് കൈമാറി. അക്ഷരം പഠിക്കുവാനോ അന്യരെ ദർശിക്കുവാനോ മറുമറയ്ക്കുവാനോ സ്വാതന്ത്ര്യമില്ലാതെ ശരീരാവയവങ്ങൾക്ക് പോലും നികുതി കൊടുക്കേണ്ടി വന്നിരുന്ന നവോത്ഥന പൂർവ്വകാലത്തുനിന്നും നവോത്ഥന പ്രസ്ഥാനങ്ങൾ നേടിക്കൊടുത്ത സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് തടയിടണമെന്നും ഗൗരിയമ്മ സന്ദേശത്തിൽ പറയുന്നു. നവോത്ഥാന നേട്ടങ്ങളില്ലാതാക്കി സ്ത്രീകളെ വീണ്ടും ചരിത്രത്തിന്റെ ഇരുണ്ട കാലത്തിലേക്ക് തള്ളിവിടാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.