ന്യൂദല്‍ഹി- ആന്‍ഡമാന്‍ നിക്കോബാര്‍ സന്ദര്‍ശന വേളയില്‍ മുണ്ടും കുര്‍ത്തയും ധരിച്ച പ്രധാമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. മോഡിക്ക് ഈ വേഷം നന്നായി ചേരുന്നുവെന്ന് ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. അഭിനന്ദനങ്ങള്‍ക്ക് മോഡി ട്വിറ്ററില്‍ നന്ദി അറിയിച്ചു. പോര്‍ട്ട് ബ്ലെയറിലെ പ്രഭാത ദൃശ്യം എന്ന പേരില്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്.
സൂര്യോദയത്തില്‍ പരമ്പരാഗത വേഷത്തില്‍. സ്വാതന്ത്ര്യ പോരാട്ടത്തിലെ ധീരനായകരെ ഓര്‍ക്കുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയവരാണ് അവര്‍- ഇന്‍സ്റ്റഗ്രാം ചിത്രത്തോടൊപ്പം പ്രധാനമന്ത്രി കുറിച്ചു.
സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ 75-ാം വാര്‍ഷിക പരിപാടികള്‍ക്കു വേണ്ടിയാണു പ്രധാനമന്ത്രി ആന്‍ഡമാനിലെത്തിയത്.
രാഷ്ട്രീയക്കാരനായ നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകയാണെങ്കിലും ഈ വേഷത്തില്‍ അദ്ദേഹം നന്നായിരിക്കുന്നുവെന്ന് ട്വിറ്ററില്‍ അഭിപ്രായപ്പെട്ട എഴുത്തുകാരി സൈനബ് സിക്കന്ദറിനോട് മോഡി ട്വിറ്ററില്‍ നന്ദി അറിയിച്ചു. ധീരനായ നേതാജി സുഭാഷ് ചന്ദ്രബോസിനോടും അദ്ദേഹം ഈ രാജ്യത്തിനുവേണ്ടി ചെയ്ത സേവനങ്ങള്‍ക്കുമുള്ള ആദരവാണിതെന്ന് മോഡി കുറിച്ചു.