അഹമ്മദാബാദ്- ദളിതനെന്നും ജൈനനെന്നും മുസ്്‌ലിമെന്നും ചൈനക്കാരനെന്നും കായികതാരമെന്നുമുള്ള വിശേഷണങ്ങള്‍ക്കു പിന്നാലെ ഹൈന്ദവ ആരാധനാ മൂര്‍ത്തികളിലൊന്നായ ഹനുമാന് കമ്പിളി വസ്ത്രങ്ങളും. ഗുജറാത്ത് സാരംഗ്പൂരിലാണ് ഹനുമാന് തണുപ്പില്‍ നിന്ന് രക്ഷയായി വെല്‍വെറ്റ് കുപ്പായം ധരിപ്പിച്ചത്. കഴിഞ്ഞ ദിവസം സാരംഗ്പുരിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ കണ്ടത് സാന്റാ ക്ലോസ് ധരിക്കുന്ന പോലുള്ള ചുവപ്പും വെള്ളയും നിറത്തിലുള്ള കുപ്പായവും തൊപ്പിയും അണിഞ്ഞിരിക്കുന്ന ഹനുമാനെയാണ്. ഭക്തരില്‍ ചിലര്‍ തന്നെയാണ് ഹനുമാന്റെ വിഗ്രഹത്തില്‍ സാന്റയുടെ വസ്ത്രം അണിയിച്ചത്.
എന്നാല്‍ ക്ഷേത്രത്തിലെത്തിയ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വെല്‍വെറ്റ് വസ്ത്രം അഴിച്ചുമാറ്റേണ്ടി വന്നു. വെല്‍വെറ്റ് കൊണ്ടു തുന്നിയ വസ്ത്രമാണെന്നും അത് കൊണ്ടാണ് വിഗ്രഹത്തിലണിയിച്ചതെന്നും വിശദീകരിച്ച് മുഖ്യപുരോഹിതന്‍ രംഗത്തുവന്നെങ്കിലും ഭക്തര്‍ സമ്മതിച്ചില്ല. ആരുടേയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ച് ചെയ്തതെല്ലന്ന് മുഖ്യപുരോഹിതനായ സ്വാമി വിവേക് സാഗര്‍ മഹാരാജ് പറഞ്ഞു.
അമേരിക്കയിലെ ഭക്തരാണ് ഈ വസ്ത്രം എത്തിച്ചതെന്നും ഇത് ഹനുമാനെ തണുപ്പില്‍നിന്ന് രക്ഷിക്കുമെന്നും ക്ഷേത്ര അധികൃതര്‍ പറഞ്ഞിരുന്നു.