ന്യൂദൽഹി- മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന 1984ൽ രാജ്യ തലസ്ഥാനത്ത് നടന്ന സിഖ് വിരുദ്ധ കലാപത്തിൽ ദൽഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ കോടതിയിൽ കീഴടങ്ങി. കിഴക്കൻ ദൽഹിയിലെ മണ്ടോലി ജയിലിലേക്ക് ഇദ്ദേഹത്തെ മാറ്റി. ഹൈക്കോടതി വിധിക്കെതിരെ സജ്ജൻ കുമാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജനുവരി രണ്ടിന് ഈ കേസ് സുപ്രീം കോടതി പരിഗണിച്ചേക്കും.
കലാപത്തിൽ പങ്കാളിയായ സജ്ജൻ കുമാർ കുറ്റക്കാരനാണെന്നും കലാപത്തിന് നേതൃത്വം നൽകിയതിന് തെളിവുകളുണ്ടെന്നും കണ്ടെത്തിയായിരുന്നു ഹൈക്കോടതി സജ്ജൻ കുമാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഈ മാസം 31നകം കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്ന് കോടതിയിൽ കീഴടങ്ങിയത്. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന്
ഒരേ കുടുംബത്തിലെ അഞ്ച് അംഗങ്ങളായ ഖേഹാർ സിങ്, ഗുർപീത് സിങ്, രഘുവെന്ദർ സിങ്, നരേന്ദർ പാൽ സിങ്, കുൽദീപ് സിങ് എന്നിവരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ജസ്റ്റിസ് ജി ടി നാനാവതി കമ്മീഷന്റെ ശുപാർശ പ്രകാരം 2005ൽ റെജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ ഉത്തരവ്. ഈ കേസിൽ 2013ൽ, മുൻ കൗൺസിലർ ബൽവൻ കോകർ, മുൻ നിയമസഭാംഗം മഹേന്ദദർ യാദവ്, കിഷൻ കോക്കർ, ഗിർധാരി ലാൽ, ക്യാപ്റ്റൻ ഭഗ്മൽ എന്നിവർ കുറ്റക്കാരാണെന്ന് വിചാരണ കണ്ടെത്തിയിരുന്നു. എന്നാൽ, സജ്ജൻ കുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതേതുടർന്ന് വിചാരണ കോടതിയുടെ വിധിക്കെതരെ സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
1984 ഒക്ടോബർ 31ന് ഇന്ദിരാഗാന്ധി സിഖുക്കാരായ അംഗരക്ഷകരാൽ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് നവംബർ ഒന്നു മുതൽ നാലു വരെയാണ് രാജ്യ തലസ്ഥാന മേഖലയിൽ സിഖുക്കാർക്കെതിരെ വ്യാപകമായ കലാപം അരങ്ങേറിയത്. കലാപത്തിന് പിന്നിൽ രാഷ്ടീയക്കാർ ആയിരുന്നുവെന്ന് സജ്ജൻ കുമാറിന് ജീവ പര്യന്തം തടവ് ശിക്ഷ വിധിച്ചുകൊണ്ട് ഇന്നലെ കോടതി നിരീക്ഷിച്ചു. ഇവർക്ക് പോലീസിന്റെ പിന്തുണ ലഭിച്ചിരുന്നു. അതിനാൽ തന്നെ ഇത് മനുഷ്യ വംശത്തോടുള്ള കുറ്റകൃത്യമാണ്. സിഖ് വിരുദ്ധ കലാപത്തിന് സമാനമായ കലാപങ്ങൾ ഇന്ത്യയിൽ വേറേയും ഉണ്ടായിട്ടുണ്ട്. 1993ലെ ബോംബെ കലാപം, 2002ൽ ഗുജറാത്തിൽ നടന്ന മുസ്ലിം കൂട്ടക്കൊല, 2008ൽ ഒറീസ്സയിലെ കാണ്ഡമാലിൽ ഉണ്ടായ കലാപം, 2013ൽ ഉത്തർപ്രദേശിലെ മുസഫർ നഗറിലുണ്ടായ കലാപം തുടങ്ങിയവ സമാന സ്വഭാവങ്ങളുള്ളവയാണെന്നും കോടതി നീരീക്ഷിച്ചു.