ന്യൂദൽഹി- മുത്തലാഖ് ബിൽ അവതരിപ്പിക്കാനാകാതെ രാജ്യസഭ ബുധനാഴ്ച്ചത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ബിൽ അവതരിപ്പിക്കാൻ കഴിയാതിരുന്നത്. നേരത്തെ ലോക്‌സഭയിൽ ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനിടയിലും പാസാക്കിയിരുന്നു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ നീക്കവും വിജയിച്ചില്ല. മുത്തലാഖ് ബില്ലിൽ നിരവധി നിയമപ്രശ്‌നങ്ങളും വിവേചനങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം എതിർപ്പുമായി രംഗത്തെത്തിയത്. എന്നാൽ ബില്ലിൽ ഒരു തരത്തിലുള്ള നീക്കുപോക്കിനും സർക്കാർ തയ്യാറായിട്ടില്ല. മുസ്‌ലിം പുരുഷൻമാർക്ക് മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്നത് അടക്കമുള്ള വകുപ്പുകളാണ് നിർദ്ദിഷ്ട മുത്തലാഖ് ബില്ലിലുള്ളത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടില്ലെന്നും ഇത് സിവിൽ കേസാണെന്നുമാണ് കോൺഗ്രസ് നിലപാട്.