ഭുവനേശ്വർ- വ്യാപകമായ ബോധവൽക്കരണങ്ങൾക്കു ശേഷവും രാജ്യത്ത് സെൽഫി അപകട മരണങ്ങൾ തുടരുന്നു. ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഭീംകുണ്ട് വെളളച്ചാട്ടത്തിനടുത്തുണ്ടായ അപകടത്തിലാണ് ഒരു വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായത്. കട്ടക്കിൽ നിന്നുളള റോഹോൻ മിശ്രയാണ് സെൽഫി അപകട മരണത്തിന്റെ ഏറ്റവും അവസാനത്തെ ഇര എന്ന് പൊലീസ് പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ റോഹോൻ മിശ്ര വീഴുന്നതും ശക്തമായ ഒഴുക്കിൽ പെട്ട് ഒലിച്ചു പോവുന്നതും കാണുന്നുണ്ട്. നിരവധി പേർ വിദ്യാർത്ഥിയെ സഹായിക്കാനായി എത്തിയെങ്കിലും ശക്തമായ ഒഴുക്കിൽ റോഹോൻ ഒഴുകിപ്പോയി. സംഭവത്തിന് ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ട് നടത്തിയ പഠനപ്രകാരം കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 250 പേർക്കാണ് വിവിധ രാജ്യങ്ങളിലായി സെൽഫി അപകട മരണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. സെൽഫി മരണങ്ങളിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.