ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഭദോയ് ജില്ലയില്‍ ലൈംഗിക പീഡന ശ്രമം ചെറുത്തു യുവതിയെ അക്രമികള്‍ മര്‍ദിച്ച് വിവസ്ത്രയാക്കുകയും നഗ്നയാക്കി ഗ്രാമത്തിലൂടെ ഓടിക്കുകയും ചെയ്തു. ഗോപിഗഞ്ചില്‍ ശനിയാഴ്ചയാണ് ഹീനകൃത്യം അരങ്ങേറിയത്. ചിലര്‍ ഈ രംഗം വിഡിയോ പകര്‍ത്തുകയും ചെയ്തു. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാലു പ്രതികളില്‍ ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഓഫീസര്‍ യാദവേന്ദ്ര യാദവ് അറിയിച്ചു. ലാല്‍ ചന്ദ്ര യാദവ് എന്നയാളാണ് നെയ്ത്തു സമുദായത്തില്‍പ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യാദവും രണ്ടു സഹായികളും യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മര്‍ദിച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്നയാക്കിയ ശേഷം യുവതിയെ ഗ്രാമത്തിലൂടെ ആക്രമികള്‍ ഓടിച്ചു. ഗ്രാമീണര്‍ ഈ വിഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ഇത് വൈറലായെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.