ജയ്പൂര്‍- രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും ഗോരക്ഷാ ഗുണ്ടകളുടെ ആള്‍ക്കൂട്ട മര്‍ദനം. ആള്‍കൂട്ട കൊലപതാകവും നിരവധി മര്‍ദനങ്ങള്‍ക്കും സാക്ഷിയായ അല്‍വാറില്‍ ഞായറാഴ്ചയും ആള്‍കൂട്ട ആക്രമണം ആവര്‍ത്തിച്ചു. പിക്കപ്പില്‍ ആറു പശുക്കളുമോയി ഹരിയാനയിലേക്കു പോകുകയായിരുന്ന മൂന്നംഗ സംഘത്തെയാണ് ആള്‍ക്കൂട്ടം വഴിതടഞ്ഞ് മര്‍ദിച്ചത്. രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 23-കാരന്‍ സഗീര്‍ ഖാനെ ആള്‍ക്കൂട്ടം മര്‍ദിച്ചവശനാക്കി. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പശുക്കടത്തിന്റെ പേരില്‍ യുവാവിനെതിരെ പോലീസ് കേസുമെടുത്തു. കാലികളെ വാങ്ങിയ രേഖകള്‍ കാണിക്കാന്‍ യുവാവിന് കഴിഞ്ഞില്ലെന്ന് കിഷന്‍ഗഢ് ബാസ് പോലീസ് എസ്.എച്.ഒ രാജേഷ് മീണ പറഞ്ഞു. പശുക്കളെ പോലീസ് പിടിച്ചെടുത്ത് ഒരു ഗോശാലയിലേക്കു മാറ്റി. ആള്‍ക്കൂട്ട മര്‍ദനത്തിന് തിരിച്ചറിയാത്ത അഞ്ചു പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.