ചെന്നൈ- എയ്ഡ്‌സ് ബാധിതനാണെന്നറിയാതെ രക്തം ദാനം ചെയ്യുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത 19 കാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ സത്തൂരില്‍ യുവാവ് ദാനം ചെയ്ത രക്തം ഒരു ഗര്‍ഭിണിക്ക് നല്‍കിയത് വാര്‍ത്തയായിരുന്നു. മദുരയിലെ രാജാജി ഗവണ്‍മെന്റ് ആശുപത്രിയിലാണ് ഞായറാഴ്ച രാവിലെ യുവാവ് മരിച്ചത്.
കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്താന്‍ കാത്തിരിക്കയാണെന്നും രാമനാഥപുരം ജില്ലയിലെ കമുധി പോലീസ് അറിയിച്ചു. ബുധനാഴ്ച ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ഗുരുതരനിലയില്‍ തുടരുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് വിരുതുനഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്കാണ് ഡോക്ടര്‍മാര്‍ എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. എച്ച്.ഐ.വി ബാധിതനാണെന്ന് അറിഞ്ഞതോടെ രക്തദാതാവായ യുവാവ് ആശുപത്രിയിലെ രക്തബാങ്കില്‍ വിളിച്ച് തന്റെ രക്തം ആര്‍ക്കും നല്‍കരുതെന്ന് അറിയിച്ചിരുന്നു.
ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ യുവാവ് രണ്ടു വര്‍ഷം മുമ്പ് തന്നെ രോഗ ബാധിതനാണെന്ന് കണ്ടെത്തി. ഒരു സന്നദ്ധ സംഘടന നടത്തിയ ക്യാമ്പിലാണ് യുവാവ് രക്തദാനം നടത്തിയത്. സ്വീകരിച്ച രക്തം അണുവിമുക്തമാണ് എന്നു ഉറപ്പു വരുത്താന്‍ രക്തബാങ്ക് അധികൃതര്‍ക്ക് കഴിയാതിരുന്നതാണ് യുവതി എയ്ഡ്സ് ബാധിതയാവാന്‍ കാരണം എന്ന് ബന്ധുക്കള്‍ പറയുന്നു.
ബന്ധുക്കളില്‍ നിന്ന് പരാതി സ്വീകരിച്ച ശേഷം മൂന്ന് രക്തബാങ്ക് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ രണ്ടു പേരും കുറ്റകരമായ കൃത്യവിലോപം നടത്തി എന്നു കണ്ടെത്തിയിരുന്നു.
പ്രഥമ ഘട്ടത്തില്‍ തന്നെ അസുഖം കണ്ടെത്തിയത് കൊണ്ട് ചികിത്സയിലൂടെ യുവതിക്ക് കുറെ കാലം ജീവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷെ, കുഞ്ഞിന് എയ്ഡ്സ് അണുബാധ ഉണ്ടാവുമോ എന്നതാണ് ബന്ധുക്കളുടെയും ഡോക്ടര്‍മാരുടെയും ആശങ്ക.
സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി ഇടപെടുകയും തമിഴ്നാട് സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.