ജിദ്ദ- സെലിബ്രേറ്റ് ഫ്രന്റ്ഷിപ് (സൗഹൃദം ആഘോഷിക്കുക) എന്ന പേരില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 2019 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ റിയാദ്, ജിദ്ദ, ദമാം, അബഹ എന്നീ റീജനുകള്‍ക് കീഴില്‍ സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും നടത്തും. കലാ കായിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കേരള, തമിഴ്‌നാട്, കര്‍ണാടക, നോര്‍ത്തേണ്‍ സ്‌റ്റേറ്റ് എന്നീ കമ്മിറ്റികളാണ് ഇന്ത്യയിലെയും സൗദിയിലെയും വൈവിധ്യങ്ങള്‍ കോര്‍ത്തിണക്കിയ ഫ്രറ്റേണിറ്റി ഫെസ്റ്റിന് രൂപം നല്‍കിയിരിക്കുന്നത്.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, മാരത്തണ്‍, ഷട്ടില്‍ ടൂര്‍ണമെന്റ്, കബഡി, നീന്തല്‍ മത്സരങ്ങള്‍, പെനാല്‍ട്ടി ഷൂട്ടൗട്ട്, വടം വലി, ഗസല്‍ നൈറ്റ്, ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, മാപ്പിളപ്പാട്ട് മത്സരം, കവിത പാരായണം, മുഷായിറ, ഖുര്‍ആന്‍ പാരായണ മത്സരം, കവി സമ്മേളനം ആരോഗ്യ ബോധവത്കരണ ക്യാമ്പുകള്‍, ടാലന്റ് ഷോ, കുടുംബ സംഗമം, കുക്കറി ഷോ, ചിത്രരചന, സ്‌പോര്‍ട്‌സ് നൈറ്റ്, എക്‌സിബിഷന്‍, കാലിഗ്രഫി, സിമ്പോസിയം, പ്രതിഭകളെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ ഫെസ്റ്റിന്റെ ഭാഗമായി നടത്തും.
സൗദിയിലെ കുടുംബിനികള്‍, കുട്ടികള്‍ കലാ കായിക വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ പ്രതിഭകള്‍ തുടങ്ങി എല്ലാ മേഖലകളിലേയും പങ്കാളിത്തം ഉണ്ടാവും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരികവും, പ്രാദേശികവുമായ വൈവിധ്യങ്ങളെ ഒരേ ചരടില്‍ കോര്‍ത്തിണക്കി സാഹോദര്യത്തിന്റെയും നന്മയുടെയും സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
ചടങ്ങില്‍ ഫ്രറ്റേണിറ്റി ഫെസ്റ്റ്-2019 ന്റെ ലോഗോ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ്് ആലുങ്ങല്‍ മുഹമ്മദ് നിര്‍വഹിച്ചു. ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഒഫീഷ്യല്‍ ജഴ്‌സി സൗദി ഇന്ത്യന്‍ ബിസിനസ് നെറ്റവര്‍ക്ക് ജനറല്‍ സെക്രട്ടറി മിര്‍ ഗസന്‍ഫര്‍ അലി സെക്കിയും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജണല്‍ പ്രസിഡന്റ്് ഫയാസുദ്ദീനും ചേര്‍ന്ന് പ്രകാശനം ചെയ്തു.
വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജണല്‍ പ്രസിഡന്റ്് ഫയാസുദ്ദീന്‍ ചെന്നൈ, സെക്രട്ടറിമാരായ ഷംസുദ്ദീന്‍ കെ.എം. മുഹമ്മദ് ഇഖ്ബാല്‍ ചെമ്പന്‍, നോര്‍ത്തേണ്‍ സ്‌റ്റേറ്റ്‌സ് സെക്രട്ടറി സയ്യിദ് അലി വെസ്റ്റ് ബംഗാള്‍, കേരള ഘടകം പ്രസിഡന്റ്് നൗഷാദ് ചിറയിന്‍കീഴ്, തമിഴ്‌നാട് ഘടകം പ്രസിഡന്റ്് അമീര്‍ സുല്‍ത്താന്‍, കര്‍ണാടക ഘടകം പ്രസിഡന്റ്് ഹാരിസ് ബണ്ട്‌വാല എന്നിവര്‍ പങ്കെടുത്തു.