ദവാവോ- ഫിലിപ്പൈന്‍സിലെ മിന്‍ഡനാവോ ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചെറിയ തോതിലുള്ള സുനാമിക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും രണ്ട് മണിക്കറിനുശേഷം പിന്‍വലിച്ചു.
ദവാവോ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറായി 59 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയില്‍ 400 പേരുടെ ജീവനെടുത്ത സുനാമിക്ക് പിന്നാലെയാണ് അയല്‍രാജ്യമായ ഫിലിപ്പൈന്‍സില്‍ ഭൂചലനവും സുനാമി ഭീഷണിയും. ഒരാഴ്ചമുമ്പാണ് ഭൂചലനത്തെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ തീരങ്ങളില്‍ സുനാമി തിരകള്‍ വന്‍ നാശം വിതച്ചത്.
മിന്‍ഡനാവോ ഭൂചലനവും ഇരുരാജ്യങ്ങളിലും സുനാമി തിരകളുയരാന്‍ കാരണമാകുമെന്ന് പസിഫിക് സുനാമി വാണിംഗ് സെന്ററാണ് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം, കടലില്‍ ചെറിയ തോതിലുള്ള മാറ്റം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് ഫിലിപ്പൈന്‍സിലെ നിരീക്ഷകര്‍ അറിയിച്ചു. രാത്രി വൈകിയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബീച്ചുകളിലേക്ക് പോകരുതെന്ന് നല്‍കിയ മുന്നറിയിപ്പ് പിന്നീട് പിന്‍വലിക്കുകയും ചെയ്തു.
ഭൂചലനത്തെ തുടര്‍ന്ന് നിരവധി പേര്‍ കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടിയിരുന്നു. നാശനഷ്ടങ്ങളില്ലെന്ന് സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.