ന്യൂദല്‍ഹി- അസംസ്‌കൃത പാദര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് കമ്പനിയുടെ ലാഭ വിഹിതത്തിന് അര്‍ഹതയുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. 421 കോടി രൂപ ലാഭമുണ്ടാക്കിയ ബാബ രാംദേവിന്റെ ദിവ്യ ഫാര്‍മസിയോടാണ് ലാഭത്തിന്റെ ഒരു വിഹിതം പ്രാദേശിക കര്‍ഷകര്‍ക്കും സമുദായങ്ങള്‍ക്കും നല്‍കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിനെതിരായ ദിവ്യ ഫാര്‍മസിയുടെ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്. 421 കോടിയില്‍ രണ്ടു കോടി രൂപ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. 2002ലെ ജൈവവൈവിധ്യ നിയമം പ്രകാരം ന്യായവും തുല്യവുമായി ലാഭം പങ്കുവെക്കണമെന്ന നിബന്ധന പാലിക്കണമെന്ന ബോര്‍ഡിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആയുര്‍വേദ ഉത്പന്നങ്ങളുടെ പ്രധാന ചേരുവയും അസംസ്‌കൃതപദാര്‍ത്ഥവും ജൈവ വിഭവങ്ങളാണെന്നത് പരിഗണിച്ചാണ് ജസ്റ്റിസ് സുധാംശു ദുലിയ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ജൈവവൈവിധ്യ നിയമം പ്രകാരം ലാഭവിഹിതം പങ്കുവെക്കാന്‍ ദിവ്യ ഫാര്‍മസിയോട് ജൈവവൈവിധ്യ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തങ്ങളോട് ഇക്കാര്യം നിര്‍ദേശിക്കാന്‍ ബോര്‍ഡിന് അധികാരമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ദിവ്യ ഫാര്‍മസി ഹൈക്കൊടതിയെ സമീപിച്ചത്. തങ്ങള്‍ പൂര്‍ണമായും ഇന്ത്യന്‍ കമ്പനിയാണെന്നും തങ്ങള്‍ക്ക് തങ്ങള്‍ക്ക് ജൈവ വൈവിധ്യ നിയമം ബാധകമല്ലെന്നുമാണ് ബാബ രാംദേവ് കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഇത് നിയമത്തിന്റെ സത്ത ചോര്‍ത്തികളയുമെന്ന് കോടതി വ്യക്തമാക്കി.
ജൈവ വൈവിധ്യം സംരക്ഷിക്കാനുള്ള യു.എന്നിന്റെ കരാറില്‍ ഒപ്പിട്ട രാജ്യമാണ് ഇന്ത്യ. അതിനാല്‍ നയം നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി നിരീക്ഷിച്ചു. ജൈവ വിഭവങ്ങള്‍ രാജ്യത്തിന്റെ മാത്രമല്ല അവ ഉല്‍പ്പാദിപ്പിക്കുന്ന സമുദായങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും ലാഭ വിഹിതം നല്‍കാന്‍ ഉത്തരവിടുന്നതിന് ജൈവവൈവിധ്യ ബോര്‍ഡിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.