Sorry, you need to enable JavaScript to visit this website.

ഇന്തോനേഷ്യയില്‍ സുനാമിക്ക് കാരണമായ അഗ്നിപര്‍വതം കുഞ്ഞനായി

ജക്കാര്‍ത്ത- ഇന്തോനേഷ്യയില്‍ 400-ലേറെ പേരുടെ മരണത്തിനും കനത്ത നാശത്തിനും കാരണമായ അഗ്നിപര്‍വത തകര്‍ച്ചയുടെ തോത് ഗവേഷകര്‍ കണക്കാക്കി. അനക് ക്രാക്കട്ടാവു അഗ്നിപര്‍വതത്തിന്റെ അപ്രതീക്ഷിത തകര്‍ച്ചയാണ് കഴിഞ്ഞ ശനിയാഴ്ച സനാമിത്തിരകള്‍ക്ക് കാരണമായത്.
അഗ്നിപര്‍വതത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ച ഗവേഷകര്‍ അത് സമുദ്രത്തിലേക്ക് തള്ളിയ പാറകളുടേയും ചാരത്തിന്റേയും തോത് കണക്കാക്കി. കഴിഞ്ഞയാഴ്ച അഗ്നിപര്‍വതത്തിന്റെ ഉയരത്തില്‍ മൂന്നില്‍ രണ്ടും നഷ്ടമായെന്ന് ഗവേഷകര്‍ പറയുന്നു. ഒറ്റയടിക്ക് വന്‍തോതിലുള്ള പാറക്കൂട്ടങ്ങളാണ് സമുദ്രത്തിലേക്ക് നിലംപൊത്തിയത്. ഇതാണ് ജാവയിലേയും സുമാത്രയിലേയും തീര പ്രദേശങ്ങളില്‍ അഞ്ച് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാന്‍ ഇടയാക്കിയതെന്ന് കരുതുന്നു.
400 പേര്‍ മരിച്ചുവെന്നും 20 പേരെ കാണാനില്ലെന്നുമാണ് ഇന്തോനേഷ്യയുടെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചത്. 40,000 പേര്‍ ഭവനരഹിതരായി.
വിവിധ റഡാര്‍ സാറ്റലൈറ്റുകളില്‍നിന്ന് ലഭിച്ച ചിത്രങ്ങള്‍ വൊള്‍ക്കാനോളജി ആന്റ് ജിയോളജിക്കല്‍ ഹസാര്‍ഡ് മിറ്റിഷേന്‍ (പിവിഎംബിജി) പഠിച്ചു വരികയാണ്. രാവും പകലും ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നവയാണ് റഡാറുകള്‍. അനക് ക്രാക്കട്ടാവു അഗ്നിപര്‍വതത്തിന്റെ പടിഞ്ഞാറന്‍ ഭാഗമാണ് തകര്‍ന്നിരിക്കുന്നത്. സമുദ്രത്തിലേക്ക് പതിച്ച പാറകളുടെ പ്രാഥമിക കണക്കാണ് സാധ്യമായിരിക്കുന്നത്. 340 മീറ്റര്‍ ഉയരമുണ്ടായിരുന്ന അഗ്നിപര്‍വതത്തിന് ഇപ്പോള്‍ 110 മീറ്റര്‍ ഉയരമാണെന്ന് പിവിഎംബിജി പറയുന്നു. 150 മുതല്‍ 170 വരെ ക്യുബിക് മീറ്റര്‍ പാറകളും ചാരവുമാണ് സമുദ്രത്തിലേക്ക് പതിച്ചത്. 40 മുതല്‍ 70 ദശലക്ഷം ക്യുബിക് മീറ്റര്‍ വസ്തുക്കള്‍ അവശേഷിക്കുന്നു.

 

Latest News