ടൂറിസ്റ്റ് ബസ് സഫോടനത്തിനു പിന്നാലെ ഈജിപ്തില്‍ റെയ്ഡ്; 40 ഭീകരരെ വധിച്ചു

കയ്‌റോ- ഈജിപ്തില്‍ സുരക്ഷാ സേനയും പോലീസും 40 ഭീകരരെ വധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരരുടെ ഒളിത്താവളങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് കനത്ത നാശമേല്‍പിച്ചത്. ഗിസയിലും ഉത്തര സിനായിയിലും ശനിയാഴ്ച രാവിലെയാണ് വ്യാപക പരിശോധന നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളും ചര്‍ച്ചുകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണത്തിനൊരുങ്ങിയ ഭീകരരെയാണ് വകവരുത്തിയത്. ഗിസയില്‍ വെള്ളിയാഴ്ച ടൂറിസ്റ്റ് ബസിനുനേരെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെയാണ് ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങിയത്.
മൂന്ന് വിയറ്റ്‌നാം ടൂറിസ്റ്റുകളും ഒരു ഈജിപ്ഷ്യന്‍ ടൂര്‍ ഗൈഡും കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഈജിപ്തിലെ സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ നേരത്തെ സിനായിലും മറ്റുമുള്ള ഭീകരര്‍ ടൂറിസ്റ്റുകളെ ആക്രമിച്ചിരുന്നു.
ഗിസയില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ റെയഡുകളിലാണ് പോലീസ് 30 ഭീകരരെ കൊലപ്പെടുത്തിയത്. ബാക്കി 10 ഭീകരര്‍ ഉത്തര സിനായ് പ്രവിശ്യയുടെ തലസ്ഥാനമായ അല്‍ അരീശിലാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പരിശോധനകളില്‍ ബോംബ് നിര്‍മാണ സാമഗ്രികളും സ്‌ഫോടക വസ്തുക്കളും വന്‍തോതില്‍ ആയുധങ്ങളും കണ്ടെടുത്തു. ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം സുപ്രധാന കേന്ദ്രങ്ങളിലാണ് ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു.
ടൂറിസ്റ്റ് സീസണ്‍ കണക്കിലെടുത്ത് ഈജിപ്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. രാജ്യത്തെ പ്രധാന ക്രൈസ്തവ ന്യൂനപക്ഷമായ കോപ്റ്റുകള്‍ ജനുവരി ഏഴിന് ഓര്‍ത്തഡോക്‌സ് ക്രിസ്മസ് ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.
വെള്ളിയാഴ്ച ഗിസയിലെ ഹറം ഡിസ്ട്രിക്ടില്‍ 14 വിയറ്റ്‌നാം ടൂറിസ്റ്റുകളും ഗൈഡും സഞ്ചരിച്ച ബസ് കടന്നു പോകുമ്പോഴാണ് റോഡരികില്‍ സ്‌ഫോടനമുണ്ടായത്. നാല് പേര്‍ മരിച്ചതിനു പുറമെ 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിനിടെ, ഇതാദ്യമായാണ് ഈജിപ്തില്‍ ടൂറിസ്റ്റുകള്‍ക്കുനേരെ ആക്രമണം. സുരക്ഷാ സേനയെ അറിയാക്കാതെ നിശ്ചിത റൂട്ടില്‍നിന്ന് മാറ്റിയതിനാലാണ് ടൂറിസ്റ്റ് ബസ് സ്‌ഫോടനത്തില്‍ തകര്‍ന്നതെന്ന് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി പറഞ്ഞു. എന്നാല്‍ ബസ് ഡ്രൈവര്‍ ഇക്കാര്യം നിഷേധിച്ചു.

 

 

Latest News