ഇംഫാൽ- മണിപ്പൂരിന്റെ തലസ്ഥാന നഗരിയിലെ പ്രധാന ആശുപത്രിയാണ് ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ്. ഇവിടെ ജോലി ചെയ്യുന്ന 50 ഡോക്ടർമാർ കഴിഞ്ഞ കുറേ ദിവസമായി മുടങ്ങാതെ ആശുപത്രിയിലെ രക്തബാങ്കിലെത്തി മൂന്ന് യൂണിറ്റ് രക്തം ദാനം ചെയ്ത് തിരിച്ചു ജോലിക്ക് പോവും. ജീവൻ രക്ഷിക്കാനാണ് സാധാരണ രക്തം ദാനം ചെയ്യുന്നതെങ്കിലും ഇവിടുത്തെ ഡോകടർമാർക്ക് രക്തദാനം കുറച്ചു കാലമായി തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ്.
40 ഡോക്ടർമാരാണ് ആശുപത്രിയിൽ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട് ജോലിയെടുക്കുന്നത്. 'ഞങ്ങളുടെ ആവശ്യം ന്യായമാണ്. അധികൃതരുടെ മുന്നിൽ പലതവണ അത് ഉന്നയിച്ചു കഴിഞ്ഞു. പക്ഷെ, ഇത് വരെ അനുകൂലമായ ഒരു തീരുമാനവും വന്നില്ല,' ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റിയൂട്ട് ടീച്ചേഴ്‌സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ഡോക്ടർ ലോയിത്തോങ്ങാം നെൽസൺ പറഞ്ഞു.
ആദ്യം സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട ഡോകടർമാർ മാത്രമായിരുന്നു പ്രതിഷേധിച്ചത്. ശേഷം, കൂടുതൽ പേർ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും രക്തദാനത്തിൽ പങ്കെടുക്കുകയും ചെയ്യുന്നു.
''നിലവിൽ 50 പേർ രക്തം നൽകാം എന്ന് സമ്മതിച്ചിട്ടുണ്ട്. കൂടുതൽ പേർ ഇനിയും പ്രതിഷേധത്തിൽ പങ്കുചേരും,' ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റിയൂട്ട് ടീച്ചേഴ്‌സ് അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഡോക്ടർമാരുടെ ആവശ്യം അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സംഘടനയുടെ തീരുമാനം. 'ങ്ങളുടെ ഭാവി സുരക്ഷിതമല്ലെങ്കിൽ എങ്ങനെ മുന്നോട്ട് പോവും. ഏതായാലും, പ്രതിഷേധം അത്യാസന്ന വിഭാഗത്തിലെ രോഗികൾക്ക് സഹായമാവും,' ലോയിത്തോങ്ങാം പറഞ്ഞു.
40 പേർക്ക് അസ്സിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. 2005 നു മുമ്പ് ആശുപത്രിയിൽ ജോലിക്കായി ചേർന്നവരെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. സമരക്കാർ ആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ ചർച്ചക്ക് തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ച ഒരു സംഘം ഡോക്ടർമാർ ആരോഗ്യവകുപ്പ് അധികൃതരുമായി ചർച്ച നടത്തും.