ന്യദല്‍ഹി- ദല്‍ഹി വിമാനത്താവളത്തിലെ പ്രീമിയം ലോഞ്ചില്‍ യാത്രക്കാരന് നല്‍കിയ കേക്കില്‍ ചത്ത പല്ലി. ഈ മാസം 18നു നടന്ന സംഭവം വൈകിയാണ് പുറത്തുവന്നത്. ഭക്ഷ്യവിഷബാധയേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഛര്‍ദിച്ച യാത്രക്കാരനെ ഉടന്‍ തന്നെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചിരുന്നുവെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എയര്‍പോര്‍ട്ടില്‍വെച്ച് യാത്രക്കാരനെ പരിശോധിച്ച ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഭവം അന്വേഷിച്ചുവരികയാണ്.
ഈ മാസം 18ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവമെന്നും ടെര്‍മിനല്‍ രണ്ടിലെ ബോര്‍ഡിഗ് ഗെയിറ്റ് 33 നു സമീപം പ്ലാസ പ്രീമിയം ലോഞ്ചില്‍നിന്ന് മെഡിക്കല്‍ എമര്‍ജന്‍സി കോള്‍ ലഭിക്കുകയായിരുന്നുവെന്നും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡോക്ടറും മറ്റു ജീവനക്കാരും എത്തിയപ്പോള്‍ ബംഗളൂരു സ്വദേശിയായ യാത്രക്കാരന്‍ ഛര്‍ദിക്കുന്നതാണ് കണ്ടത്. പല്ലിയുടെ ഭാഗങ്ങള്‍ കേക്കില്‍ കണ്ടുവെന്ന് യാത്രക്കാരന്‍ പറഞ്ഞു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
യാത്രക്കാരന്റെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടും കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും എയര്‍പോര്‍ട്ട് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് ഭാട്യ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യാത്രക്കാരനെ ഉടന്‍തന്നെ ഡിസ്ചാര്‍ജ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എയര്‍പോര്‍ട്ടിലെ ലോഞ്ച് എയര്‍പോര്‍ട്ടിനു കീഴിലില്ലെന്നും സ്വകാര്യ കമ്പനിയുടേതാണെന്നും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു.