ന്യൂദല്‍ഹി- ആയുര്‍വേദ, യൂനാനി, സിദ്ധ, ഹോമിയോപതി (ആയുഷ്) ഡോക്ടര്‍ക്ക് ചികിത്സ നടത്താന്‍ ലൈസന്‍സ് നല്‍കുന്നതിന് പൊതു പരീക്ഷ നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. ഇതു സംബന്ധിച്ച രണ്ട് കരട് ബില്ലുകള്‍ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ബില്‍, 2018, നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപതി ബില്‍, 2018 എന്നിവയാണ് ഈ പരീക്ഷാ നിര്‍ദേശം മുന്നോട്ടു വെക്കുന്നത്. ഈ മെഡിക്കല്‍ വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്താനും ഇവ ശുപാര്‍ശ ചെയ്യുന്നുണ്ട്.
ആയുര്‍വേദ, ഹോമിയോപതി, സിദ്ധ, യൂനാനി വൈദ്യശാഖാ വിഭ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിശ്വാസ്യതയും സുതാര്യതയും ഉറപ്പു വരുത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇവ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കല്‍, ഡോക്ടര്‍മാര്‍ക്ക് പ്രക്ടീസ് ചെയ്യുന്നതിന് ലൈസന്‍സ് അനുവദിക്കല്‍, എത്തിക്കല്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയ്ക്ക് പ്രത്യേക ദേശീയ കമ്മീഷന്‍ വേണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം. ആയുഷ് രംഗത്ത് പരിഷ്‌ക്കരണം ലക്ഷ്യമിട്ടാണിത്.