Sorry, you need to enable JavaScript to visit this website.

മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ഡിഎംകെ നേതാവിന് 10 വര്‍ഷം തടവ്

ചെന്നൈ- പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ തമിഴ്‌നാട് മുന്‍ എം.എല്‍.എയും ഡി.എം.കെ നേതാവുമായ എ.എം രാജ്കുമാറിന് കോടതി പത്തു വര്‍ഷം തടവു ശിക്ഷയും 42,000 രൂപ പിഴയും വിധിച്ചു. 2012-ല്‍ പെരംബലൂര്‍ എം.എല്‍.എ ആയിരിക്കെയാണ് രാജ്കുമാര്‍ വീട്ടില്‍ സഹായത്തിനു നിന്ന 15-കാരിയായ ഇടുക്കി പീരുമേട് സ്വദേശി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കേസില്‍ രാജ്കുമാറിന്റെ സഹായി ആയിരുന്ന ജയശങ്കറിനും കോടതി ഇതേ ശിക്ഷ വിധിച്ചു. രാജ്കുമാറിന്റെ ഡ്രൈവര്‍ മഹേന്ദ്രനെ കോടതി വെറുതെ വിട്ടു.

2012 ജൂണിലാണ് പെണ്‍കുട്ടി രാജ്കുമാറിന്റെ വീട്ടില്‍ ജോലിക്കായി എത്തിയത്. സൗജന്യ വിദ്യാഭ്യാസം നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ രാജ്കുമാര്‍ ജോലിക്കായി വീട്ടിലെത്തിച്ചത്. തന്നെ തിരികെ കൊണ്ടു പോകണമെന്ന് പെണ്‍കുട്ടി അഞ്ചു ദിവസത്തിനു ശേഷം അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മകളെ തേനിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു. വൈകാതെ മരിക്കുകയും ചെയ്തു.

പെരംബലൂര്‍ പോലീസ് ആത്മഹത്യയ്ക്ക് കേസെടുത്തിരുന്നു. മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടത് ബന്ധുക്കള്‍ പീരുമേട് എം.എല്‍.എ ബിജുമോളെ അറിയിച്ചതാണ് വഴിത്തിരിവായത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളെഡില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ബലാല്‍സംഗംത്തിനിരയായതായി തെളിഞ്ഞു. തുടര്‍ന്ന് പീരുമേട് പോലീസ് കേസെടുക്കുകയും ഈ കേസ് പെരംബലൂര്‍ പോലീസിനു കൈമാറുകയുമായിരുന്നു. പിന്നീട് രാജ്കുമാര്‍, ഡ്രൈവര്‍ മഹേന്ദ്ര, സഹായി ജയശങ്കര്‍ എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 

എല്‍.എല്‍.എമാരും എം.പിമാരും ഉള്‍പ്പെട്ട കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് വെള്ളിയാഴ്ച രാജ്കുമാറിനെ ശിക്ഷിച്ചത്. ബലാല്‍സംഗം, കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി രാജ്കുമാറിനെ ശിക്ഷിച്ചത്.
 

Latest News