പൂനെ- മനോനില തെറ്റിയ ആള് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കയച്ച ഇ-മെയില്‍ പോലീസിനെ കുഴക്കി. വീടിനു പുറത്ത് അന്യഗ്രഹ ജീവിയെ കണ്ടുവെന്നായിരുന്നു ഇ-മെയില്‍ സന്ദേശം.
മഹാരാഷ്ട്രയില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസിന് സന്ദേശം കൈമാറുകയും അന്വേഷണത്തിനുത്തരവിടുകയുമായിരുന്നു. പോലീസിന്റെ പരക്കം പാച്ചിലിനൊടുവില്‍ സന്ദേശമയച്ചത് പൂനെ കൊത്റുഡിലെ താമസക്കാരനാണെന്ന് പോലീസ് കണ്ടെത്തി. ഏതാനും വര്‍ഷം മുമ്പുണ്ടായ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് 47 കാരനായ ഇയാളുടെ മനോനില തകരാറിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വീടിനു പുറത്തു മരങ്ങള്‍ക്കിടയിലൂടെ വെളിച്ചം കണ്ടുവെന്നും ഇത് അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ നിന്ന് അവരുടെ ഗ്രഹത്തിലേക്ക് സന്ദേശമയക്കുന്നതാണെന്നുമാണ് ഇയാള്‍ പ്രധാനമന്ത്രിക്കയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇ-മെയില്‍ അയച്ചതിനെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.