റിയാദ് - മുൻ വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽഈസയെ പദവിയിൽനിന്ന് നീക്കം ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആടിനെ കശാപ്പ് ചെയ്ത് ഇറച്ചി വിതരണം ചെയ്ത സൗദി പൗരനെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യാഴാഴ്ച നടത്തിയ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് ഡോ. അഹ്മദ് അൽഈസയെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്ന് നീക്കം ചെയ്തത്. ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സൗദി പൗരൻ ആടിനെ കശാപ്പ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൗദി പൗരൻ തന്നെയാണ് ക്ലിപ്പിംഗ് പുറത്തുവിട്ടത്. ഇദ്ദേഹത്തിന്റെ ചെയ്തി സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നും സമൂഹത്തിൽ ഇത്തരം നിഷേധാത്മക പ്രവണതകൾ പ്രചരിക്കുന്നതിന് ഇത് കാരണമായേക്കുമെന്നും സാമൂഹികമാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി പദവിയിൽ നിന്ന് നീക്കം ചെയ്‌തെങ്കിലും ഡോ. അഹ്മദ് അൽഈസയെ റോയൽ കോർട്ട് ഉപദേഷ്ടാവായി രാജാവ് നിയമിച്ചിട്ടുണ്ട്. എജ്യുക്കേഷൻ ഇവാലുവേഷൻ കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. ഡോ. ഹമദ് ആലുശൈഖ് ആണ് പുതിയ വിദ്യാഭ്യാസ മന്ത്രി.