നാഗപട്ടണം- തമിഴ്‌നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീട് പുതുക്കിപ്പണിയുന്നതിന് പണം കണ്ടെത്താനായി മാതാപിതാക്കള്‍ 12 വയസ്സായ മകനെ 10,000 രൂപക്ക് വിറ്റു. തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടക്കടുത്ത് കരിക്കാട് ഗ്രാമത്തിലാണ് സംഭവം.
മാതാപിതാക്കള്‍ വിറ്റതിനെ തുടര്‍ന്ന് അടിമവേല ചെയ്യുകയായിരുന്ന കുട്ടിയെ പോലീസ് മോചിപ്പിച്ചു. ബി.ചന്ദ്രു എന്നയാളാണ് തന്റെ കൃഷിഭൂമിയില്‍ കാലികളെ വളര്‍ത്താനായി കുട്ടിയെ വാങ്ങിയത്. ഇയാള്‍ക്ക് കീഴില്‍ 15 ദിവസം ജോലി ചെയ്ത കുട്ടിയെ കഴിഞ്ഞയാഴ്ചയാണ് പോലീസ് മോചിപ്പിച്ചത്.
അടിമവേലയില്‍നിന്ന് രക്ഷിച്ച കുട്ടിയെ പോലീസ് നാഗപട്ടണം സബ് കലക്ടര്‍ കിഷോര്‍ കുമാറിന്റെ ഓഫീസില്‍ ഏല്‍പിക്കുകയായിരുന്നു. സബ് കലക്ടര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ഗജയില്‍ നഷ്ടപ്പെട്ട വീട് പുതുക്കിപ്പണിയാനായി മാതാപിതാക്കള്‍ വിറ്റ വിവരം അറിയുന്നത്.
കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ചന്ദ്രുവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം 10 മുതല്‍ 20 വരെ വീശിയടിച്ച ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ചിരുന്നു. 60 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. നവംബര്‍ 16 നാണ് പുതുക്കോട്ടയില്‍ കാറ്റ് നാശം വിതച്ചത്.
ഗജ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് വ്യാപക ആക്ഷേപമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുനരധിവാസം മന്ദഗതിയിലായതിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു.