Sorry, you need to enable JavaScript to visit this website.

മന്‍മോഹന്‍ സിംഗ് സിനിമയെ ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍


 മന്‍മോഹന്റെ വേഷത്തിന് ഓസ്‌കര്‍ കിട്ടുമെന്ന് അനുപം ഖേര്‍
 മധ്യപ്രദേശില്‍ സിനിമ നിരോധിക്കുമെന്ന വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചു


ന്യൂദല്‍ഹി- ഡോ. മന്‍മോഹന്‍ സിംഗിന്റെ 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന കാലത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍. ചിത്രത്തിന്റെ ട്രെയിലര്‍ ബി.ജെ.പി ഇന്നലെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്ക് വെച്ചതോടെയാണ് വാക്പയറ്റ് തുടങ്ങിയത്.
അതിനിടെ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്നും റിലീസിന് അനുമതി നിഷേധിക്കുമെന്നും വാര്‍ത്തകള്‍ പരന്നെങ്കിലും ഇക്കാര്യം നിഷേധിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ രംഗത്തെത്തി. ചിത്രത്തിന്റെ ട്രെയിലര്‍ വന്നതിന് പിന്നാലെ ഇതേക്കുറിച്ച് പ്രതികരണങ്ങള്‍ ആരാഞ്ഞുവെങ്കിലും മന്‍മോഹന്‍ സിംഗ് മൗനം പാലിക്കുകയാണ് ചെയ്തത്.

http://malayalamnewsdaily.com/sites/default/files/2018/12/28/anupammanmohan.jpg


    യു.പി.എ ഭരണകാലത്ത് കോണ്‍ഗ്രസിനുള്ളിലെ കുടുംബ വാഴ്ച എപ്രകാരം ഭരണത്തെയും പ്രധാനമന്ത്രിയെയും നിയന്ത്രിച്ചിരുന്നുവെന്നാണ് ചിത്രത്തിന്റെ പ്രമേയം. ബി.ജെ.പി പക്ഷപാതിയും പാര്‍ട്ടി എം.പി കിരണ്‍ ഖേറിന്റെ ഭര്‍ത്താവുമായ ബോളിവുഡ് നടന്‍ അനുപം ഖേറാണ് മന്‍മോഹന്‍ സിംഗിന്റെ വേഷം അഭിനയിക്കുന്നത്. ചിത്രത്തിലെ വേഷത്തിന് തനിക്ക് ഓസ്‌കര്‍ വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് അനുപം ഖേര്‍ പറഞ്ഞത്. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: മന്‍മോഹന്‍ സിംഗിന്റെ നിര്‍മിതിയും അപനിര്‍മിതിയും എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണു സിനിമയുടെ നിര്‍മാണം. ചിത്രത്തില്‍ അക്ഷയ് ഖന്നയാണ് സഞ്ജയ് ബാരുവിന്റെ വേഷം അഭിനയിക്കുന്നത്. വിജയ് രത്‌നാകര്‍ ഗുട്ടേ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മന്‍മോഹന്‍ സിംഗിന്റെ താല്‍പര്യത്തിന് വിരുദ്ധമായി അന്നു കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണ് സുപ്രധാന കാബിനറ്റ് തീരുമാനങ്ങള്‍ എടുത്തിരുന്നത് എന്നതുള്‍പ്പടെയുള്ള പരാമര്‍ശങ്ങള്‍ സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ വിവാദത്തിലാക്കിയിരുന്നു.
പത്തു വര്‍ഷക്കാലം ഒരു കുടുംബം രാജ്യത്തെ എങ്ങനെ അധീനതയില്‍ലാക്കിയെന്നും മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയുടെ കസേരയില്‍ വെറും ആജ്ഞാനുവര്‍ത്തി മാത്രമായിരുന്നുവെന്നും സൂചിപ്പിക്കുന്ന കുറിപ്പോടെയാണ് ബി.ജെ.പി ചിത്രത്തിന്റെ ട്രെയിലര്‍ ട്വിറ്ററിലിട്ടിരിക്കുന്നത്. മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയായ നിയമിക്കുന്ന ദൃശ്യത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ആണവോര്‍ജ കരാറിനെച്ചൊല്ലി ഉണ്ടാകുന്ന ആശങ്കകളും കശ്മീര്‍ വിഷയവും രാഹുല്‍ ഗാന്ധി ബില്ല് കീറിക്കളയുന്ന ദൃശ്യവും ട്രെയിലറിലുണ്ട്. മന്‍മോഹന്‍ സിംഗ് രാജ്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ സോണിയഗാന്ധി ഉള്‍പ്പടെ കോണ്‍ഗ്രസ് നിഷിപ്ത താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള ചിത്രീകരണമാണ് ട്രെയിലറിലുള്ളത്.
പ്രസാധകരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് സഞ്ജയ് ബാരു തന്റെ പുസ്തകം 2009 പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിച്ചത്. അന്ന് പുസ്തകം ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും കോണ്‍ഗ്രസിന്റെ പ്രതിച്ഛായ നിഴലിലാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പിന് മുമ്പായി ഈ ചിത്രത്തിന് ബിജെപി പ്രചാരണം നല്‍കുന്നത് രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ചിത്രം മധ്യപ്രദേശില്‍ നിരോധിക്കുമെന്നത് ബി.ജെ.പിയുടെ വ്യാജ പ്രചാരണം മാത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല തന്നെ വ്യക്തമാക്കി. പക്ഷേ, മധ്യപ്രദേശിലെ ഒരു കോണ്‍ഗ്രസ് നേതാവ് ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്നും റിലീസിന് മുമ്പ് കോണ്‍ഗ്രസിനായി പ്രത്യേക പ്രദര്‍ശനം നടത്തണമെന്നും ആവശ്യപ്പെട്ട് സംവിധായകന് കത്തയച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് സയ്യിദ് സഫര്‍ പറഞ്ഞിരുന്നു. മന്‍മോഹന്‍ സിംഗ് രാജ്യത്തിന്റെ തന്നെ ഏറ്റവും ബുദ്ധിമാനായ നേതാവാണ്. അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ത്ത് ആക്‌സിഡന്റല്‍ എന്നു പ്രയോഗിക്കുന്നത് അപമാനകരമാണെന്നും സയ്യിദ് സഫര്‍ ചൂണ്ടിക്കാട്ടി.
    

 

Latest News