Sorry, you need to enable JavaScript to visit this website.

അധ്യാപകർക്കും  വേണം, പരീക്ഷ

നീതി ആയോഗിന്റെ നിർദേശങ്ങൾ മിക്കവാറും സ്വാഗതാർഹമാണ്. ആ ദിശയിലുള്ള നടപടികൾക്കാണ് ഉത്തരവാദിത്തമുള്ളവർ ഇനിയെങ്കിലും ശ്രമിക്കേണ്ടത്. അല്ലെങ്കിൽ ഒന്നിനും കൊള്ളാത്ത ഒരു തലമുറയായിരിക്കും ഇവിടെ രൂപം കൊള്ളാൻ പോകുന്നത്.  

നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയരാത്തതിനു നിരവധി കാരണങ്ങളുണ്ടാകാം. അതിലേറ്റവും പ്രധാനം അധ്യാപകരുടെ നിലവാരമില്ലായ്മയാണ്. നമ്മൾ ചെയ്യുന്ന മിക്കവാറും ജോലികളെല്ലാം യാന്ത്രികമായ ആവർത്തനം മാത്രമായിരിക്കുമ്പോൾ അതിൽ നിന്നു തികച്ചും വ്യത്യസ്തമാണ് അധ്യാപനം. ദിനംപ്രതി അപ്‌ഡേറ്റായി പോകേണ്ട ഒന്നാണത്. അതിനുള്ള എല്ലാ സാഹചര്യങ്ങളും സർക്കാർ നൽകുന്നുണ്ട്. എന്നാൽ ചെയ്യുന്ന ജോലിയോട് പ്രതിബദ്ധത ഏറ്റവും കുറവായ വിഭാഗത്തിൽ പെട്ട മിക്കവാറും അധ്യാപകർ അതിനൊന്നും തയ്യാറാകാത്തതാണ് വിദ്യാഭ്യാസ നിലവാരം അനദിനം കുറഞ്ഞുവരാൻ പ്രധാന കാരണം. ഒരു കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുന്നിലായിരുന്ന കേരളത്തിന്റെ അവസ്ഥ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. 
എന്തായാലും നീതി ആയോഗ് ഈ വിഷയത്തെ അതർഹിക്കുന്ന ഗൗരവത്തോടെ കാണാൻ തയ്യാറായത് സ്വാഗതാർഹമാണ്. അധ്യാപകരുടെ നിലവാരം അളക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വർഷത്തിൽ മൂന്നു തവണ പരീക്ഷ നടത്തണമെന്ന് നീതി ആയോഗ് നിർദേശിച്ചത് അതിന്റെ സൂചനയാണ്. കേന്ദ്ര  ധനമന്ത്രി അരുൺ ജെയ്റ്റ്ലി പുറത്തിറക്കിയ 'സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @ 75' റിപ്പോർട്ടിലാണ് ഈ നിർദേശം. അധ്യാപകർ  പഠിപ്പിക്കുന്ന വിഷയത്തിലാണ് പരീക്ഷ നടത്താൻ നിർദേശം.  ഇതുവഴി വിഷയത്തിലുള്ള അധ്യാപകരുടെ മികവ് ഉറപ്പു വരുത്താൻ കഴിയുമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
സയൻസ് പഠനം മാത്രം ഉദാഹരണമായി എടുക്കാം. അനുനിമിഷം എന്തെല്ലാം മാറ്റങ്ങളാണ് ശാസ്ത്ര മേഖലയിൽ ലോകത്തെമ്പാടും നടക്കുന്നത്. എത്രയെത്ര വാർത്തകളാണ് വിവിധ മാധ്യമങ്ങളിൽ കൂടി പുറത്തു വരുന്നത്. അവ കണ്ടെത്താനോ പഠിക്കാനോ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനോ മിനക്കെടുന്ന എത്ര അധ്യാപകരുണ്ട്? വർഷങ്ങൾക്കു മുന്നെ തങ്ങൾ പഠിച്ചതിൽ കൂടുതലായി എന്തെങ്കിലും അറിയുന്ന അധ്യാപകരുണ്ടോ? അധ്യാപനവും അധ്യയനവുമൊന്നും ടെക്‌സ്റ്റ് പുസ്തകങ്ങളിൽ ഒതുങ്ങരുതെന്നാണ് ഡിപിഇപി മുതലുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെല്ലാം പറയുന്നതെങ്കിലും ഇപ്പോഴും നടക്കുന്നത് അതു തന്നെയല്ലേ? ഈ അധ്യാപകർ പഠിപ്പിക്കുന്ന കുട്ടികളും കാലത്തിനു എത്രയോ പിറകിലായിരിക്കും. ഇതു തന്നെയാണ് മറ്റെല്ലാ വിഷയങ്ങളിലേയും അവസ്ഥ. 
കാലത്തിനനുസരിച്ച് മുന്നോട്ടു പോവുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നാണ് മിക്കവാറും അധ്യാപകർ ധരിച്ചുവെച്ചിരിക്കുന്നത്. എന്നാലതു തെറ്റാണ്. മറ്റെല്ലാ ജോലികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ സമയമാണ് അധ്യാപകർ പഠിപ്പിക്കുന്നത്. ശനി, ഞായർ അവധികൾ, ഓണം, ക്രിസ്മസ്, മധ്യവേനലവധികൾ, മറ്റനവധി അവധികൾ.. ഏതെങ്കിലും ജോലിക്ക് ഇത്രയധികം അവധി ലഭിക്കുമോ? അവധിയല്ലാത്ത ദിവസവും ജോലി ചെയ്യുന്ന സമയമെത്ര തുഛം..!! ബാക്കിസമയമൊക്കെ തങ്ങളുടെ സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണെന്നാണ് ഈ അധ്യാപകർ ധരിച്ചിരിക്കുന്നതെന്നു തോന്നുന്നു. തെറ്റാണത്. ലോകത്തു നടക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാനും പഠിക്കാനുമാണ് ഇത്രയധികം സമയം അവർക്കു ലഭിക്കുന്നത്. അതവരുടെ ജോലിയുടെ ഭാഗമാണ്. എന്നാലിതൊന്നും മനസ്സിലാകാത്തവരാണ്, മനസ്സിലായാലും ചെയ്യാത്തവരാണ് മിക്കവാറും പേർ. അവിടെയാണ് അധ്യാപകർക്ക് പരീക്ഷ എന്ന ആശയത്തിന്റെ പ്രസക്തി. ചിലപ്പോഴൊക്കെ അധ്യാപകർക്ക് ക്യാമ്പുകൾ നടക്കാറുണ്ട്. എന്നാലതു പോരാ. പരീക്ഷയെടുത്ത് വിദ്യാർത്ഥികളെ പോലെ തന്നെ അധ്യാപകരുടെ നിലവാരവും അളക്കണം. അതനുസരിച്ചു വേണം അവർക്കു പ്രൊമോഷനോ ഇൻക്രിമെന്റോ നൽകാൻ.
ഔട്ട്പുട്ട് പരിശോധിക്കാനുള്ള സംവിധാനമില്ലാത്തതാണ് നമ്മുടെ സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ ജോലിയോടോ ജനങ്ങളോടോ  ഒരു ഉത്തരവാദിത്തവുമില്ലാത്തവരായി മാറ്റുന്നത്. അവർക്ക് താൽപര്യം വാങ്ങുന്ന വൻ വേതനത്തോട് മാത്രമാണ്. ഇക്കാര്യത്തിലും മികച്ച ഉദാഹരണം വിദ്യാഭ്യാസ രംഗം തന്നെ. അല്ലായിരുന്നെങ്കിൽ മിക്കവാറും പേർ വൻ വേതനം വാങ്ങുന്ന അധ്യാപകർ പഠിപ്പിക്കുന്ന സർക്കാർ - എയ്ഡഡ് സ്ഥാപനങ്ങളിൽ കുട്ടികളെ വിടാതെ, തുഛം വേതനം ലഭിക്കുന്ന അധ്യാപകർ പഠിപ്പിക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകളിലേക്ക് വിടുകയില്ലല്ലോ. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമെന്നു ബോധ്യമായപ്പോഴാണല്ലോ അൽപസ്വൽപം മാറ്റങ്ങൾ ഉണ്ടായത്. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ അവസ്ഥ ഇതാണെങ്കിൽ ഇതിനേക്കാൾ എത്രയോ ദയനീയമാണ് ഉന്നത വിദ്യാഭ്യാസ മേഖല. 
പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന വിഷയങ്ങളാണ് ഇപ്പറഞ്ഞതെങ്കിൽ മറ്റനവധി വിഷയങ്ങൾ വേറെയുമുണ്ട്. പാഠ്യഭാഗം മാത്രം പഠിക്കലല്ലല്ലോ വിദ്യാഭ്യാസം. പുതുതലമുറയിൽ ആധുനിക കാലത്തെ വെല്ലുവിളികൾ തിരിച്ചറിയാനും അതിജീവിക്കാനുമുള്ള കരുത്തുണ്ടാക്കുക, മനുഷ്യൻ സാമൂഹ്യ ജീവിയാണെന്ന ബോധം വളർത്തിയെടുത്ത് സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നരല്ലാതാക്കി മാറ്റുക, സഹജീവികളോട് സ്‌നേഹവും ബഹുമാനവും വളർത്തിയെടുക്കുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുക, ഭരണഘടനാ മൂല്യങ്ങളും ധാർമികതയും മനസ്സിലാക്കുക, നല്ലൊരു നാളേക്കായി മാനവ ചരിത്രത്തിൽ മുൻഗാമികൾ ചെയ്ത ത്യാഗങ്ങളും പോരാട്ടങ്ങളും മനസ്സിലാക്കി അവരുടെ പിൻഗാമികളാകുക  തുടങ്ങി എത്രയോ കടമകൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. എന്നാലതെ കുറിച്ചെല്ലാം അറിയുന്ന, കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന എത്ര അധ്യാപകർ നമ്മുടെ നാട്ടിലുണ്ടെന്ന് പരിശോധിക്കുന്നത് രസകരമായിരിക്കും. 
തീർച്ചയായും സർക്കാറുകൾക്കും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്. എന്നാൽ അതും നിറവേറ്റപ്പെടുന്നില്ല. ഉദാഹരണമായി നിലവിൽ കേന്ദ്രവും സംസ്ഥാനങ്ങളും വിദ്യാഭ്യാസത്തിന് നീക്കിവെക്കുന്നത് ജിഡിപിയുടെ മൂന്ന് ശതമാനം വരെ മാത്രമാണ്. അതു മാറ്റണമെന്നും 2022 ഓടെ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് ജി.ഡി.പിയുടെ ആറു ശതമാനമെങ്കിലും ആക്കണമെന്നും നീതി ആയോഗ് നിർദേശിക്കുന്നു. അതൊടൊപ്പം പ്രസക്തമായ മറ്റനവധി നിർദേശങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്. 
കുട്ടികൾ കുറവുള്ള സ്‌കൂളുകൾ ലയിപ്പിക്കുക, പൊതുവിദ്യാഭ്യാസത്തിൽ സാമാന്യ (റെഗുലർ), സവിശേഷ (അഡ്വാൻസ്ഡ്) തലങ്ങളിൽ പാഠ്യപദ്ധതി തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുക, ഇതിന് ഒമ്പതാം ക്ലാസിൽ അഭിരുചി പരീക്ഷ നടത്തുക, പത്താം ക്ലാസിൽ പുനഃപരിശോധന നടത്തുക, സെക്കൻഡറി തലം മുതൽ വൊക്കേഷണൽ കോഴ്സുകളിൽ ചേരാനുള്ള അവസരം നൽകുക, പൊതുവിദ്യാഭ്യാസവുമായി മുന്നോട്ടു പോകാൻ താത്പര്യം പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ മാത്രം  അത് തുടരാൻ അനുവദിക്കുക, ഒരു കുട്ടിക്കു പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കുക, എട്ടാം ക്ലാസ് പരീക്ഷയ്ക്കു ശേഷമോ ഒമ്പതാം ക്ലാസിലെ ആദ്യ മാസങ്ങളിലോ ബ്രിഡ്ജ് കോഴ്സുകളോ ട്യൂഷനോ നൽകുക, വൊക്കേഷണൽ കോഴ്സുകൾ സ്‌കൂൾ തലത്തിൽ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങൾ മാർഗരേഖ പുറത്തിറക്കക്കുക, അധ്യാപക യോഗ്യതാപരീക്ഷ പ്രീ സ്‌കൂളിൽ പഠിപ്പിക്കുന്നവർക്കും 9-12 ക്ലാസുകളിൽ പഠിപ്പിക്കുന്നവർക്കും നിർബന്ധമാക്കുക, ദേശീയ തലത്തിൽ അധ്യാപക രജിസ്ട്രി തയ്യാറാക്കുക, ഇതിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധ്യാപകരെ തെരഞ്ഞെടുക്കാനവസരം നൽകുക, അധ്യാപകർക്ക് മികവ് വിലയിരുത്തി ഇൻക്രിമെന്റ് നൽകുക, അധ്യാപക പരിശീലന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കാൻ സമിതി രൂപീകരിക്കുക, രണ്ടായിരം പേർക്ക് പഠിക്കാൻ കഴിയുന്ന അഞ്ചോ ആറോ ശ്രേഷ്ഠ പദവിയുള്ള അധ്യാപക പരിശീലന സ്ഥാപനങ്ങൾ സൃഷ്ടിക്കുക എന്നിങ്ങനെ പോകുന്നു നിർദേശങ്ങൾ. ഈ നിർദേശങ്ങളിൽ മിക്കവാറും സ്വാഗതാർഹമാണ്. 
ആ ദിശയിലുള്ള നടപടികൾക്കാണ് ഉത്തരവാദിത്തമുള്ളവർ ഇനിയെങ്കിലും ശ്രമിക്കേണ്ടത്. അല്ലെങ്കിൽ ഒന്നിനും കൊള്ളാത്ത ഒരു തലമുറയായിരിക്കും ഇവിടെ രൂപം കൊള്ളാൻ പോകുന്നത്. 



 

Latest News