Sorry, you need to enable JavaScript to visit this website.

പശു ഭീകരത: പോലീസുകാരനെ വെടിവെച്ചു കൊന്നയാള്‍ പിടിയില്‍

ബുലന്ദ്ശഹര്‍- ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കലാപത്തിനിടെ ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനപ്രതിയെ അറസ്റ്റ് ചെയ്തതായി യു.പി പോലീസ് അറിയിച്ചു. ദല്‍ഹിയില്‍ ടാക്സി ഡ്രൈവറായ പ്രശാന്ത് നാഥാണ്(30) പിടിയിലായത്. ഇയാളാണ് ഇന്‍സ്‌പെക്ടര്‍ക്കു നേരെ നിറയൊഴിച്ചതെന്ന് പോലീസ് പറഞ്ഞു.

ദല്‍ഹി-നോയിഡ അതിര്‍ത്തിയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുബോധ്കുമാറിന്റെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുത്ത് പ്രശാന്ത് വെടിയുതിര്‍ക്കുകയായിരുന്നു. ഇന്‍സ്‌പെക്ടറെ ആള്‍ക്കൂട്ടം വളയുന്ന വിഡിയോയില്‍ പ്രശാന്ത് നാഥുണ്ടെന്നും പോലീസ് വ്യക്തമാക്കി.

പശുക്കളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനിടെയാണ് സുബോധ് കുമാര്‍ വെടിയേറ്റ് മരിച്ചത്. അക്രമികള്‍ പോലീസ് എയ്ഡ് പോസ്റ്റും പോലീസ് സ്റ്റേഷനും അക്രമിച്ചിരുന്നു.

അഖ്‌ലാഖ് വധക്കേസില്‍ 18 പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയ ഇന്‍സ്‌പെക്ടറെ ആസൂത്രിതമായാണ് കൊലപ്പെടുത്തിയത്. കലാപവുമായി ബന്ധപ്പെട്ട കേസില്‍ ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

 

Latest News