Sorry, you need to enable JavaScript to visit this website.

യുപിയില്‍ തെരുവു പശുക്കളെ നാട്ടുകാര്‍ പിടിച്ച് സ്‌കൂളുകളില്‍ കെട്ടി; കുട്ടികള്‍ പെരുവഴിയില്‍

അലിഗഢ്- തെരുവുകളില്‍ അലഞ്ഞു തിരിയുന്ന പശുക്കളുടെ ശല്യം കാരണം സഹികെട്ട നാട്ടുകാര്‍ ഇവയെ പിടികൂടി സര്‍ക്കാര്‍ സ്‌കൂളുകള്‍ കൊണ്ടുപോയി കെട്ടിയിട്ടു. ഉത്തര്‍ പ്രദേശിലെ അലിഗഢിലാണ് സംഭവം. പന്ത്രണ്ടോളം പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ നാട്ടുകാര്‍ കാലിത്തൊഴുത്താക്കിയതോടെ ക്ലാസ് മുടങ്ങി കുട്ടികള്‍ പെരുവഴിയിലായി. തെരുവു പശുക്കളെ നന്നായി നോക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആതിദ്യനാഥ് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ഈ സംഭവം. പശുക്കളെ കൊണ്ട് നിറഞ്ഞതോടെ സ്‌കൂളുകള്‍ അധികൃതര്‍ അടപ്പിച്ചു കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു.

ഗ്രാമങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാലികള്‍ വ്യാപകമായി കൃഷിനശിപ്പിക്കുന്നത് പതിവായതാണ് നാട്ടുകാരുടെ രോഷത്തിനു കാരണം. അലിഗഢ് ജില്ലയില്‍ പലയിടത്തായി 800ഓളം പശുക്കളെയാണ് നാട്ടുകാര്‍ പിടികൂടി സമീപത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൊണ്ടു പോയി അടച്ചിട്ടത്. ജില്ലയില്‍ പലയിടത്തും തെരുവു പശുക്കളുടെ ശല്യത്തിനെതിരെ കഴിഞ്ഞ മൂന്ന് ദിവസമായി നാട്ടുകാരുടം പ്രതിഷേധം ശക്തമാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോലും തെരുവുകാലികളെ കെട്ടിയിട്ടതായും റിപോര്‍ട്ടുണ്ട്. 

സ്‌കൂള്‍ പരിസരമാകെ വൃത്തികേടായിരിക്കുകയാണ്. കുട്ടികളും പേടിച്ചിരിക്കുകയാണ്. ഈ കാലികളെ കൊണ്ട് പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. ക്ലാസുകള്‍ മുടങ്ങി. ഈ പ്രശ്‌നത്തിന് എപ്പോള്‍ പരിഹാരമാകുമെന്ന് അറിയില്ല. ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്- അടച്ചിട്ട ഒരു സ്‌കൂളിലെ അധ്യാപികയായ സോണിയ വര്‍മ പറഞ്ഞു.

അസാധാരണ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തിര യോഗം വിളിച്ച് പോലീസ് ഉദ്യോഗസ്ഥന്മാര്‍, വിദ്യാഭ്യാസ ഓഫീസര്‍, ഗ്രാമത്തലവന്‍മാര്‍ എന്നിവരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഗ്രാമത്തലവന്‍മാരോട് കലക്ടര്‍ സി.ബി സിങ് ആവശ്യപ്പെട്ടു. ഇതി രാഷ്ട്രീയ പ്രേരിതമായി നടത്തിയ പ്രതിഷേധമാണെന്ന് സംശയിക്കുന്നതായും ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂളുകളില്‍ കാലികളെ കൊണ്ടു വന്ന് കെട്ടുന്നവരുടെ വിഡിയോ പകര്‍ത്തി ഇതു സഹിതം തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് വിദ്യാഭ്യാസ ഓഫീസര്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Related Story

 

Latest News