കൊച്ചി - എറണാകുളം ജില്ലയുടെ ടൂറിസം ഭൂപടത്തിലിടം പിടിക്കാൻ നെടുമ്പാറ ചിറയൊരുങ്ങുന്നു. കൂവപ്പടി പഞ്ചായത്ത് ഏഴാം വാർഡിലെ പുരാതനമായ നെടുമ്പാറ ചിറയാണ് സഞ്ചാരികളെ മാടി വിളിക്കുന്നത്.
കോടനാട് അഭയാരണ്യം ആനക്കളരിയുടെ വിളിപ്പാടകലെ മാത്രമാണ് മൂന്നേക്കറോളം വരുന്ന ചിറ സ്ഥിതി ചെയ്യുന്നത്. കടുത്ത വേനലിലും സമൃദ്ധമായ വെള്ളമാണ് ഇവിടുത്തെ പ്രത്യേകത. ചിറയിലെ ടൂറിസം സാധ്യതകൾ മനസ്സിലാക്കിയതിനെ തുടർന്ന് 2015 ൽ അന്നത്തെ ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ഭരണ സമിതികളുടെ ഇടപെടലിനൊടുവിൽ ഡി.ടി.പി.സി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കുകയും ആദ്യ ഘട്ടമായി 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് ചിറയുടെ ഒരു വശത്ത് നടപ്പാത നിർമിക്കുകയും വശങ്ങൾ കെട്ടുകയും ചെയ്തു. കൂടാതെ പെഡൽ ബോട്ടിംഗ്, കുട്ടികളുടെ പാർക്ക് എന്നിവയും ആരംഭിച്ചു. ചിറയിൽ ടൂറിസം പദ്ധതി ആരംഭിച്ചതോടെ പ്രദേശം സജീവമായി. പ്രദേശവാസികളും അല്ലാത്തവരുമായ നിരവധി പേരാണ് ഇങ്ങോട്ടേക്കത്തുന്നത്. തുടർന്നാണ് ചിറയുടെ നവീകരണത്തിനായി രണ്ടാം ഘട്ടത്തിൽ 50 ലക്ഷം കൂടി ടൂറിസം വകുപ്പ് അനുവദിച്ചത്.
ടൂറിസം പദ്ധതി രണ്ടാം ഘട്ട വികസന പ്രവർത്തനത്തിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി നിർവഹിച്ചു. ടെൽക്ക് ചെയർമാൻ എൻ.സി.മോഹനൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി.വർഗീസ്, മെമ്പർ എം.പി.പ്രകാശ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ശിവൻ, സിന്ധു അരവിന്ദ്, ബിനു മാതം പറമ്പിൽ, ആന്റു പോൾ, വിപിൻ കോട്ടേക്കുടി, ഒ.ഡി. അനിൽ, പി.പി.എൽദോ, എം.ഡി. ബാബു, ബിനോയ് അരിക്കൽ എന്നിവർ പ്രസംഗിച്ചു. ചിറയുടെ വശങ്ങൾ ബലപ്പെടുത്താനും നടപ്പാത പൂർത്തീകരിക്കാനും ഓഫീസ് നിർമാണത്തിനുമാണ് ഇപ്പോൾ അനുവദിച്ച തുക വിനിയോഗിക്കുന്നത്. ചിറയിലെ ടൂറിസം പദ്ധതിയുടെ മേൽനോട്ടവും നടത്തിപ്പും ആലാട്ടുചിറ വനം സംരക്ഷണ സമിതിയ്ക്കാണ് വനം വകുപ്പ് നൽകിയിരിക്കുന്നത്. ഇത് വഴി നിരവധി പ്രദേശവാസികൾക്ക് തൊഴിൽ സാധ്യതയും തുറന്നിട്ടുണ്ട്. ജില്ലയിൽ മനോഹരമായി നിർമിച്ച ചിറയാണിത്. പെരുമ്പാവൂർ നിന്നും കൂവപ്പടി - കോടനാട് വഴി 15 കി.മീ സഞ്ചരിച്ചാൽ മനോഹരമായ നെടുമ്പാറ ചിറയിലെത്താം. രാജഭരണ കാലത്തേതെന്ന് കരുതപ്പെടുന്ന ശേഷിപ്പുകളും പുരാതനമായ ഈ ചിറയുടെ ചെങ്കൽ കെട്ടുകളിലുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. അഭയാരണ്യത്തിലേക്കെത്തുന്ന സഞ്ചാരികൾ ഇടത്താവളമെന്ന നിലയിലും ഇവിടെ എത്തുന്നുണ്ട്. കൂടാാതെ പ്രഭാത സവാരിക്കായും നിരവധി പേരെത്തുന്നുണ്ട്.
ഇവിടെയെത്തുന്നവർക്കായി കുടിവെള്ളവും ബാത്ത് റൂം സൗകര്യവും ഇല്ലെന്നതാണ് പ്രധാന പരാതി. ഒപ്പം കൂടാതെ കുടുതൽ ജല വിനോദോപകരണങ്ങളും എത്തിക്കണമെന്ന ആവശ്യവുമുണ്ട്. ഇക്കാര്യങ്ങൾക്കായി ഇടപെടൽ നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം എം.പി.പ്രകാശ് പറഞ്ഞു.