Sorry, you need to enable JavaScript to visit this website.

ഇത് ലോകത്തെ പ്രായമേറിയ ഉമ്മ; 65ാം വയസ്സില്‍ കശ്മീരി വയോധികയ്ക്ക് കുഞ്ഞ് പിറന്നു

പൂഞ്ച്- വൈദ്യശാസ്ത്ര മേഖലയെ അമ്പരപ്പിച്ച് 65-കാരിയായ കശ്മീരി വയോധിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി ലോകത്തെ പ്രായമേറിയ അമ്മമാരില്‍ ഒരാളായി. വൈദ്യശാസ്ത്ര മഹാത്ഭുതം എന്നാണ് വിദഗ്ധര്‍ ഈ അപൂര്‍വ പ്രസവത്തെ വിശേഷിപ്പിക്കുന്നത്. 'ഈ അമൂല്യം സമ്മാനം തന്ന അല്ലാഹുവിന് സ്തുതി' എന്നായിരുന്നു കുഞ്ഞിന്റെ ഉപ്പയായ 80കാരന്‍ ഹകിം ദീനിന്റെ പ്രതികരണം.

പൂഞ്ച് ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ചയാണ് ലോകത്തെ ഈ അപൂര്‍വ്വ പ്രസവം നടന്നത്. പ്രസവ വേദനയെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്കു ശേഷം പ്രസവം നടക്കുകയും ചെയ്തു. ഉമ്മയും കുഞ്ഞും ആരോഗ്യത്തോടെ സുഖമായിരിക്കുന്നുവെന്ന് ഇവരെ നോക്കുന്ന ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ഷഹ്നാസ അറിയിച്ചു. പത്തു വര്‍ഷം മുമ്പ് പിറന്ന ഒരു ആണ്‍കുഞ്ഞും ഈ വൃദ്ധ ദമ്പതികള്‍ക്കുണ്ട്. പൂഞ്ച് ജില്ലയിലെ സുരാന്‍കോട്ട്, സയ്‌ലന്‍ സ്വദേശികളാണ് ഇവര്‍. 

സാധാരണ ഇന്ത്യയില്‍ സ്ത്രീകളുടെ ആര്‍ത്തവ വിരാമ പ്രായം ശരാശരി 47 വയസ്സാണ്. ഇതിനു ശേഷം സ്ത്രീകള്‍ പ്രസവിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഈ സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് കശ്മീരിലെ പ്രശസ്ത മാതൃശിശു ആശുപത്രിയായ ലാല്‍ ഡെഡ് ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റായ ഡോ. ശബീര്‍ സിദ്ധീഖി പറഞ്ഞു.

സാധാരണ 50 വയസ്സ് പിന്നിട്ട് സ്ത്രീകള്‍ പ്രസവിക്കുന്നത് ഐ.വി.എഫ് ചികിത്സയിലൂടെയാണ്. നിലവില്‍ ലോകത്തെ ഏറ്റവും പ്രായമേറിയ അമ്മയായി അറിയപ്പെടുന്നത് സ്‌പെയ്ന്‍ സ്വദേശിയായ കാര്‍മെന്‍ ബൗസാദ ദെ ലാറയാണ്. ഇവര്‍ 2006ലാണ് തന്റെ 66ാം വയസ്സില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി റെക്കോര്‍ഡിട്ടത്. എന്നാല്‍ ഇതിലെറെ കൂടിയ പ്രായത്തില്‍ പ്രസവിച്ചെന്ന അവകാശവാദവുമായി പല സ്ത്രീകളും രംഗത്തു വന്നിട്ടുണ്ട്. ഇന്ത്യക്കാരിയായ ദല്‍ജീന്ദര്‍ കൗര്‍ താന്‍ 72-ാം വയസ്സില്‍ ഐ.വി.എഫ് ചികിത്സയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയെന്ന് 2016ല്‍ അവകാശപ്പെട്ടിരുന്നു.
 

Latest News