കോഴിക്കോട്- ഒരു മാസം മുമ്പ് കാണാതായ മൊകേരി സ്വദേശി എസ്.സന്ദീപിനെ കണ്ടെത്തി. കര്‍ണാടകയിലെ ശൃംഗേരിക്കു സമീപം ദൂരൂഹ സാഹചര്യത്തില്‍ കാണാതായ സന്ദീപിനെ കഴിഞ്ഞ ദിവസം മുംബൈയിലാണ് കാമുകിയോടൊപ്പം കണ്ടെത്തിയത്. കോഴിക്കോട് മേത്തോട്ടുതാഴം സ്വദേശിനിയാണ് യുവതി. ഇരുവരേയും കസ്റ്റഡിയിലെടുത്ത പോലീസ് കേരളത്തിലേക്ക് തിരിച്ചു.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐ ബേര്‍ഡ് മീഡിയ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായിരുന്നു സന്ദീപ്. നവംബര്‍ 24 ന് ബൈക്കിലാണ് സന്ദീപ് യാത്ര തിരിച്ചത്. എന്നാല്‍ പിറ്റേ ദിവസം മുതല്‍ ഇയാളെ കുറിച്ചു വിവരമില്ലായിരുന്നു. ബൈക്ക് ശൃംഗേരി കൊപ്പ ഹരിഹരപുര റൂട്ടിലെ കാനന പാതയിലെ തുംഗ നദിക്കു സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. പുഴയില്‍ വീണതാകാമെന്ന് കരുതി പരിശോധന നടത്തിയിരുന്നു.
മൂന്നു മാസം കൂടെ ജോലി ചെയ്തിരുന്ന യുവതിയെയും കാണാതായതായി ഈ മാസം 10 നാണ് പോലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. യുവതി അവിവാഹിതയാണ്.
ഭാര്യയേയും എല്‍.കെ.ജി വിദ്യാര്‍ഥിയായ മകനെയും ഉപേക്ഷിച്ച് കാമുകിയോടൊപ്പം ജീവിക്കാന്‍ നാടകമൊരുക്കിയ സന്ദീപിനെ മുംബൈയിലെ ഒരു ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇടക്കിടെ തനിച്ച് യാത്ര പോകുന്ന ശീലമുള്ള സന്ദീപ് രണ്ട് ദിവസത്തിന് ശേഷവും എത്താതായതോടെയാണ് ഭാര്യ ഷിജി നല്ലളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മൊകേരി സ്വദേശിയായ ഇയാള്‍ കഴിഞ്ഞ കുറച്ച് കാലമായി കോഴിക്കോട് പാലാഴിയിലായിരുന്നു താമസം. ബൈക്കും പൊട്ടിയ വാച്ചും കര്‍ണാടക തുംഗ നദിക്കരയില്‍ പോലീസ് കണ്ടെത്തിയിരുന്നുവെങ്കിലും ഇത് കൊലപാതകമാണെന്ന് നാട്ടുകാരേയും വീട്ടുകാരേയും തെറ്റിദ്ധരിപ്പിക്കാന്‍ സന്ദീപ് കരുതിക്കൂട്ടി ചെയ്തതായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നല്ലളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സിറ്റി സൗത്ത് അസി. കമ്മീഷണര്‍ കെ.പി അബ്ദു റസാഖിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സംഘം കര്‍ണാടകയിലെ ചിക്കമംഗ്ലൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഒരാഴ്ചക്കാലം തങ്ങി അന്വേഷണം നടത്തിയിരുന്നു. മുംബെയിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തിലെ കോസ്റ്റല്‍ സി.ഐ പി.ആര് സതീശന് പറഞ്ഞു. മുംബൈയിലെത്തിയ സന്ദീപ് ഇടക്ക് പഞ്ചാബ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പോയിരുന്നുവത്രെ.
നല്ലളം എസ്.ഐ പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ മോഹന്‍ദാസ്, രഞ്ജിത്, രമേശ്ബാബു എന്നിവരടങ്ങിയ സംഘമാണ് ഇവരെ ഇവരെ പിടികൂടിയത്.