ന്യൂദൽഹി- രാജ്യത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മതത്തിന്റെ പേരിലുള്ള ഏറ്റവും കൂടുതൽ വിദ്വേഷ കുറ്റകൃത്യങ്ങൾ അരങ്ങേറിയത് 2018 ലാണെന്ന് കണക്കുകൾ. ഡിസംബർ ഇരുപത്തിയഞ്ചു വരെ ഉള്ള കണക്കുകൾ പ്രകാരം തൊണ്ണൂറ്റി മൂന്ന് അതിക്രമങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. മുപ്പത് പേർ ഈ സംഭവങ്ങളിൽ കൊല്ലപ്പെടുകയും മുന്നൂറ്റി അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹെയ്റ്റ് െ്രെകം വാച്ച് എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തിനൊടുവിലാണ് കണക്കുകൾ പുറത്തു വിട്ടത്.
ഏറ്റവും മുന്നിൽ ഉത്തർപ്രദേശ്
യോഗി ആദിത്യനാഥിന്റെ യു പി ആണ് കലാപങ്ങളിലും വിദ്വേഷ കുറ്റകൃത്യങ്ങളിലും മുന്നിൽ. ഇരുപത്തിയേഴ് അക്രമ സംഭവങ്ങളാണ് ഉത്തർപ്രദേശിൽ 2018 ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബിജെപിയും ജനതാദൾ യുണൈറ്റഡും ചേർന്ന് ഭരിക്കുന്ന ബീഹാറിൽ പത്തു സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗുജറാത്ത്, രാജസ്ഥാൻ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഏഴ് വീതം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിലും രാജസ്ഥാനിലും നാല് പേർ വീതം മരിച്ചു. കർണാടകയിലും ജാർഖണ്ഡിലും മൂന്ന് പേർ വീതവും. ബിജെപിക്കും സഖ്യ കക്ഷികൾക്കും കീഴിലാണ് ഏറ്റവും അധികം വിദ്വേഷ പ്രചാരണവും അക്രമങ്ങളും കൊലകളും നടക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്.
ഇരകളിൽ നാലിൽ മൂന്ന് പേരും ന്യൂനപക്ഷങ്ങൾ.
വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയാവുന്നവരിൽ എഴുപത്തിയഞ്ചു ശതമാനവും ന്യൂനപക്ഷങ്ങളാണെന്നു കണക്കുകൾ പറയുന്നു. നാല്പത്തി ഒമ്പത് അക്രമങ്ങളിൽ മുസ്ലിംകൾ ആയിരുന്നു ഇരകൾ. പതിനാല് ശതമാനമാണ് മുസ്ലിം ജനസംഖ്യ എങ്കിലും മൊത്തം അതിക്രമങ്ങളുടെ അറുപത് ശതമാനം ഇരകൾ ഈ സമുദായത്തിൽ പെട്ടവരാണ്. പതിനാല് ശതമാനം ഇരകൾ ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവരാണ്. ഒരു സിക്കുകാരനും അതിക്രമതിന്നിരയായി. മുപ്പത്തിരണ്ട് കേസുകളിൽ (പതിനൊന്നു ശതമാനം) ഇരകൾ ഏത് സമുദായത്തിൽ പെട്ടവരാണെന്നു വ്യക്തമല്ല.
കൊല്ലപ്പെട്ടവരിൽ അഞ്ചിൽ മൂന്ന് പേരും മുസ്ലിംകൾ.
ആകെ മുപ്പത് പേർ മരിച്ചതിൽ പതിനെട്ട് പേരും മുസ്ലിംകൾ ആണെന്ന് കണക്കുകൾ പറയുന്നു. പത്തു പേർ ഹിന്ദുക്കളായിരുന്നു. ആകെ കൊല്ലപ്പെട്ടവരുടെ മുപ്പതിമൂന്നു ശതമാനമാണിത്. നാല്പത്തിയഞ്ചു അതിക്രമങ്ങളിൽ അക്രമകാരികൾ ഹിന്ദുക്കളായിരുന്നു. ആകെ കേസുകളുടെ എഴുപതിയൊന്നു ശതമാനമാണിത്. പതിനേഴ് കേസുകളിൽ (ഇരുപത്തിയേഴ് ശതമാനം) മുസ്ലിംകൾ ആണ്.